കൊച്ചിയിലെ മൊബൈല്‍ കൂട്ടകവര്‍ച്ചക്കേസില്‍ രാജ്യത്തെ വന്‍കവര്‍ച്ചാസംഘങ്ങളിലെ പ്രധാനികള്‍ അറസ്റ്റില്‍. മുംബൈ, ഡല്‍ഹി ഗ്യാങ്ങുകളിലെ നാല് പേരെയാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. വിമാനത്തിലെത്തി മൊബൈലുകള്‍ മോഷ്ടിച്ച് വിമാനത്തില്‍ തന്നെ മടങ്ങുന്നതാണ് കവര്‍ച്ചാ സംഘത്തിന്‍റെ രീതി. മോഷ്ടിച്ച 23 ഫോണുകളും കണ്ടെത്തി. 

ഡല്‍ഹി ഗ്യാങ്ങിലെ അതിഖൂര്‍ റഹ്മാന്‍, വസീം അഹമ്മദ്, മുംബൈ ഗ്യാങ്ങിലെ സണ്ണി ഭോല യാദവ്, ശ്യാം ബല്‍വാല്‍. ഇരു സംഘത്തിന്‍റെയും കേരളത്തിലെ ആദ്യ കവര്‍ച്ചാ ദൗത്യം തന്നെ പാളി. കവര്‍ന്ന ഫോണുകളുമായി മണിക്കൂറുകള്‍ക്കം കേരളം വിട്ട പ്രതികളെ പത്ത് ദിവസത്തിനകമാണ്  കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. ഈ മാസം ആറിനായിരുന്നു കൊച്ചിയിലെ അലന്‍ വോക്കര്‍ ഷോയ്ക്കിടെ മൊബൈല്‍ കൂട്ടകവര്‍ച്ച 26 ഐഫോണുകളടക്കം 39 ഫോണുകള്‍ ഉടമകള്‍ പോലുമറിയാതെ പ്രൊഫഷനല്‍ മോഷ്ടാക്കള്‍ കവര്‍ന്നു. ഡല്‍ഹി ഗ്യാങിലെ നാലു പേര്‍ ട്രെയിനിലും മുംബൈ ഗ്യാങ് വിമാനത്തിലുമാണ് എത്തിയത്. മുറിയെടുത്ത് താമസിച്ച് വിഐപി ടിക്കറ്റുകള്‍ വാങ്ങി പരിപാടിയില്‍ നുഴഞ്ഞുകയറി കവര്‍ച്ച നടത്തി തൊട്ടടുത്ത ദിവസം വന്നപോലെ തന്നെ മടക്കം.

സമാന കവര്‍ച്ചാകേസുകളുടെ വിവരങ്ങള്‍ പിന്തുടര്‍ന്നും മോഷ്ടിച്ച മൊബൈലുകളുടെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നിര്‍ണായകമായി. മോഷ്ടിച്ച ഫോണുകള്‍ വിറ്റഴിക്കുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം.

സംഘത്തിലെ മറ്റുള്ളവര്‍‍ക്കായി മുംബൈയിലും ഡല്‍ഹിയിലുമടക്കം അന്വേഷണം തുടരുകയാണ്. പരാതികളുടെ ഗൗരവം മനസിലാക്കി കൊച്ചി സിറ്റി പൊലീസ് ആദ്യ മണിക്കൂറില്‍ തന്നെ നടത്തിയ ചിട്ടയായ അന്വേഷണാണ് കവര്‍ച്ചാസംഘത്തെ കുരുക്കിയത്.

ENGLISH SUMMARY:

Mobile robbery in Kochi; The main ones were arrested