വീട്ടുമുറ്റത്ത് അലക്കിയിട്ടിരുന്ന ചുരിദാര്‍ ധരിച്ച് എടിഎമ്മില്‍ പണം മോഷ്ടിക്കാനെത്തിയ യുവാവിനെ കൊല്ലം പരവൂര്‍ പൊലീസ് പിടികൂടി. എടിഎം പൊളിക്കാന്‍ കഴിയാത്തതിന്റെ നിരാശയില്‍ പ്രതി നാശനഷ്ടങ്ങളും വരുത്തിയിരുന്നു.
പരവൂര്‍ കുറുമണ്ടല്‍ സ്വദേശി രാഹുലാണ് സ്ത്രീവേഷം ധരിച്ച് എടിഎം കൊളളയടിക്കാന്‍ ശ്രമിച്ചത്. പരവൂർ പൂതക്കുളത്തെ ഇസാഫ് ബാങ്കിന്റെ എടിഎം കുത്തിത്തുറക്കാനായിരുന്നു ശ്രമം. എടിഎമ്മിന് സമീപമുളള വീടിന്റെ മുറ്റത്ത് അലക്കിയിട്ടിരുന്ന ചുരിദാർ കൈക്കലാക്കിയ രാഹുല്‍ ചുരിദാര്‍ ധരിച്ചാണ് എടിഎമ്മില്‍ മോഷണത്തിനെത്തിയത്. ഇരുമ്പ് കമ്പി ഉപയോഗിച്ച് മെഷീൻ കുത്തി പൊളിച്ചെങ്കിലും പണം എടുക്കാൻ കഴിഞ്ഞില്ല.
എടിഎമ്മിനുളളിലെ വൈദ്യുതി കേബിളുകളൊക്കെ രാഹുല്‍ നശിപ്പിച്ചു. തുണി ഉപയാഗിച്ച് തല മൂടിയിരുന്നു. മാത്രമല്ല സിസിടിവി കാമറകള്‍ പ്ളാസ്റ്റിക് കവര്‍ ഉപയോഗിച്ച് മറയ്ക്കുകയും ചെയ്തു. കൊട്ടാരക്കരയില്‍ നിന്നാണ് രാഹുലിനെ പിടികൂടിയത്. എടിഎം കവർച്ചയുടെ വാർത്തകൾ കണ്ട് പ്രചോദനം ഉൾക്കൊണ്ടാണ് മോഷണത്തിനിറങ്ങിയതെന്നാണ് രാഹുലിന്റെ മൊഴി.