കണ്ണൂരില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്കും യാത്രക്കാരനും നേരെ ബസിനുള്ളില്‍ വെച്ച് ക്രൂരമായ ആക്രമണം. കുറ്റ്യാട്ടൂര്‍ സ്വദേശിയായ ഡ്രൈവര്‍ രജീഷിനും മലയാള മനോരമ കണ്ണൂര്‍ യൂണിറ്റിലെ ജീവനക്കാരന്‍ രാധാകൃഷ്ണനുമാണ് ബൈക്ക് യാത്രക്കാരന്‍റെ ആക്രമണത്തില്‍ പരുക്കേറ്റത്. കേസില്‍ ചേലേരി കൊയ്യങ്കോട് സ്വദേശി നസീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ നിസാര വകുപ്പുകള്‍ ചുമത്തി പൊലീസ് പ്രതിയെ ജാമ്യത്തില്‍ വിട്ടുവെന്ന് പരുക്കേറ്റ രാധാകൃഷ്ണന്‍ ആരോപിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബൈക്കോടിക്കുകയായിരുന്ന ചേലേരി സ്വദേശി നസീറിനോട് സൈഡ് നല്‍കാനാവശ്യപ്പെട്ട് ഹോണ്‍ മുഴക്കിയതാണ് ബസ് ഡ്രൈവര്‍ രജീഷ്. ഇതിനെത്തുടര്‍ന്ന് പ്രകോപിതനായ പ്രതി കരിങ്കല്‍ചീളുകള്‍ തുണിയില്‍ കെട്ടി ബസില്‍ കയറിവന്ന് ആക്രമിക്കാന്‍ തുടങ്ങി. തടയാന്‍ ശ്രമിച്ചപ്പോഴാണ് മനോരമ മാര്‍ക്കറ്റിങ് ജീവനക്കാരനായ രാധാകൃഷ്ണനും തലയ്ക്ക് അടിയേറ്റത്. പ്രതിയെ പിന്നീട് മയ്യില്‍ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തില്‍ വിട്ടു. വധശ്രമം ചുമത്താതെ പൊലീസ് ഒത്തുകളിച്ചെന്നാണ് ആരോപണം
തലയില്‍ ആറ് തുന്നലുണ്ട് രാധാകൃഷ്ണന്. ഡ്രൈവര്‍ രജീഷിന് തലയ്ക്കടിയേറ്റത് ഹെല്‍മെറ്റുകൊണ്ടായതിനാല്‍ മുറിവുകളില്ല. അതേസമയം, ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് മയ്യില്‍–കണ്ണൂര്‍ റൂട്ടില്‍ പണിമുടക്കിലാണ് സ്വകാര്യ ബസ് ജീവനക്കാര്‍