കാസർകോട് കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ അധ്യാപിക സച്ചിതാ റൈ പിടിയിൽ. പതിനൊന്നു കേസുകളാണ് മുൻ ഡിവൈഎഫ്ഐ നേതാവായ ഇവരുടെ പേരിൽ കാസർകോട്ടെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തത്. വിദ്യാനഗർ പൊലീസിന്റെ പിടിയിലായ സച്ചിതയെ കുമ്പള പൊലീസിന് കൈമാറി.
കോടതിയിൽ കീഴടങ്ങാനുള്ള ശ്രമത്തിനിടെയാണ് സച്ചിതയെ വിദ്യാനഗർ സി.ഐയും സംഘവും പിടികൂടിയത്. മുൻ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു സച്ചിത. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലും കേന്ദ്രസർവ്വകലാശാലയിലും കേന്ദ്രീയ വിദ്യാലയത്തിലും കർണാടക എക്സൈസിലും ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പണം കൈമാറി മാസങ്ങൾ പിന്നിട്ടിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് കുമ്പള കിദൂർ സ്വദേശി നിഷ്മിത ഷെട്ടിയാണ് ആദ്യം പൊലീസിനെ സമീപിച്ചത്. പിന്നാലെ നിരവധി പേർ പരാതിയുമായി എത്തി.
കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക, മേൽപറമ്പ സ്റ്റേഷനുകളിലായി 11 കേസുകളും കർണാടകയിലെ ഉപ്പിനങ്ങാടി സ്റ്റേഷനിൽ ഒരു കേസും രജിസ്റ്റർ ചെയ്തു. വിവാഹശേഷം കോഴിക്കോട്ടേക്ക് താമസം മാറ്റിയ യുവതി സമൂഹമാധ്യമത്തിലൂടെയും തന്റെ രാഷ്ട്രീയപശ്ചാത്തലവും ഉപയോഗിച്ചാണ് പ്രധാനമായും തട്ടിപ്പ് നടത്തിയത്. ബാഡൂർ സ്കൂളിലെ അധ്യാപികയായ സച്ചിത തന്റെ ജോലിയെയും തട്ടിപ്പിനുള്ള മറയാക്കി മാറ്റി.
കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യത്തിനായി കാസർകോട് ജില്ലാ കോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. കർണാടക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻ തട്ടിപ്പ് സംഘത്തിലെ കണ്ണിയാണ് സച്ചിത എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കുമ്പള പൊലീസിന്റെ കസ്റ്റഡിയിലുള്ള യുവതിയെ നാളെ കോടതിയിൽ ഹാജരാക്കും.