ചെങ്ങന്നൂർ വണ്ടിമല ദേവസ്‌ഥാനം കവാടത്തോടു ചേർന്നു സ്‌ഥാപിച്ചിരുന്ന നാഗവിളക്ക് ഇളക്കിയെടുത്ത് പെരുങ്കുളം ചാലിൽ ഉപേക്ഷിച്ച കേസിൽ നഗരസഭ കൗൺസിലർ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. നഗരസഭ മുൻ ചെയർമാനും കേരള കോൺഗ്രസ് സംസ്‌ഥാന വൈസ് ചെയർമാനുമായ ചെങ്ങന്നൂർ തിട്ടമേൽ സ്വദേശി രാജൻ കണ്ണാട്ട്, കൊച്ചുകുന്നുംപുറത്ത് ശെൽവൻ, പാണ്ടനാട് സ്വദേശി കുഞ്ഞുമോൻ എന്നിവരാണ് റിമാൻഡിലായത്.
റെയിൽവേസ്‌റ്റേഷൻ റോഡിലെ രാജന്റെ പുരയിടത്തിലേക്കു കൂടുതൽ വഴിസൗകര്യമുണ്ടാക്കാൻ ഇന്നലെ രാത്രിയാണ് കല്ലിൽ തീർത്ത നാഗവിളക്ക് പ്രതികൾ രഹസ്യമായി നീക്കം ചെയ്തത്. ഒന്നാം പ്രതി രാജൻ ശെൽവനും കുഞ്ഞുമോനും പണം നൽകി നാഗവിളക്ക് നീക്കം ചെയ്യിക്കുകയായിരുന്നു. ക്ഷേത്ര ഭരണസമിതി സെക്രട്ടറിയുടെ പരാതിയെത്തുടർന്ന് റജിസ്‌റ്റർ ചെയ്‌ത കേസിൽ പൊലീസ് സംഘം രാത്രി തന്നെ പ്രതികളെയും ഇവർ ഉപേക്ഷിച്ച ശിലാവിളക്കും കണ്ടെത്തി നിയമനടപടികൾ പൂർത്തിയാക്കി വിളക്ക് ക്ഷേത്ര ഭരണസമിതിക്ക് വിട്ടുകൊടുത്തു.
തുടർന്ന് നീക്കം ചെയ്ത സ്‌ഥാനത്തു തന്നെ ക്ഷേത്ര അധികൃതർ വിളക്ക് പുനസ്‌ഥാപിച്ചു. മതസ്‌പർദ്ധ ഉണ്ടാക്കത്തക്ക വിധം ആരാധനാലയങ്ങൾക്കു നേരെയുള്ള കയ്യേറ്റങ്ങൾ തടയുന്നതിനുള്ള വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് റജിസ്‌റ്റർ ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.