ചാലക്കുടിയിൽ ബൈക്ക് മോഷ്ടിച്ചയാളെ ഉടമ തന്നെ കണ്ടെത്തി പൊലീസിന് കൈമാറി. ബൈക്ക് മോഷ്ടിച്ച അതേ സ്ഥലത്ത് തന്നെ കള്ളൻ വീണ്ടും വന്നപ്പോഴാണ് ബൈക്ക് ഉടമ കണ്ടതും പിടികൂടിയതും.
ചാലക്കു സൗത്ത് ജംക്ഷനിലെ മേൽപാലത്തിനു താഴെ നിന്ന് ഒരാഴ്ച മുമ്പാണ് ബൈക്ക് കളവുപോയത്. ചാലക്കുടി നായരങ്ങാടി സ്വദേശി വലിയപറമ്പിൽ വിവേകിന്റെ ബൈക്കാണ് കള്ളൻ തട്ടിയെടുത്തത്. ചാലക്കുടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. മോഷ്ടിച്ച് ബൈക്കുമായി കള്ളൻ പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് കൈമാറി. എന്നാൽ, മോഷ്ടാവ് മാസ്ക് വച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാനായില്ല. മേൽപാലത്തിന് അടിയിൽ നിന്ന് കാണാതാകുന്ന ബൈക്കുകളുടെ കൂട്ടത്തിൽ വിവേകിന്റെ പരാതിയും ഒതുങ്ങി. പക്ഷേ വിവേക് പ്രിയപ്പെട്ട ബൈക്ക് കണ്ടെത്താൻ അന്വേഷണം തുടർന്നു. ബൈക്ക് മോഷണം പോയ സ്ഥലത്ത് ഇടയ്ക്കിടെ വിവേക് പോകുമായിരുന്നു. അങ്ങനെയാണ് ഒരു ദിവസം മാസ്ക് വച്ച് അതേ കള്ളൻ പാലത്തിനു താഴെ മറ്റൊരു ബൈക്കിൽ ഇരിക്കുന്നത് കണ്ടത്. ഉടനെ പൊലീസിനെ വിളിച്ചു വരുത്തി.കയ്യോടെ പിടികൂടി. മുപ്ലിയം മുലേക്കാട്ടിൽ രതീഷാണു (42) പിടിയിലായത്.
മോഷ്ടിച്ച ബൈക്ക് കൊടകരയിലെ ആക്രിക്കടയിൽ 4000 രൂപയ്ക്ക് വിറ്റു. ചുരുങ്ങിയത് 40000 രൂപ ബൈക്ക് വിറ്റാൽ കിട്ടേണ്ടതാണ്. ബൈക്കിന്റെ രേഖകൾ കാണിക്കാതെ വാങ്ങിയതിന് ആക്രിക്കട ഉടമയെയും പൊലീസ് വിളിച്ചു വരുത്തിയിരുന്നു.