ഹരിയാനയിൽ ബീഫ് കഴിച്ചുവെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ട മർദ്ദനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ, കഴിച്ചത് ബീഫ് ആയിരുന്നില്ലെന്ന് പരിശോധനാ ഫലം. ചാർഖി ജില്ലയിലെ ഹൻസവസാ ഖുർദിൽ കഴിഞ്ഞ ഓഗസ്റ്റ് 27നാണ് സംഭവം. ബംഗാൾ സ്വദേശിയായ തൊഴിലാളി സബീർ മാലിക്കിനെയാണ് 10 പേരടങ്ങുന്ന സംഘം മർദിച്ചുകൊന്നത്.
ഇയാൾ താമസിച്ച സ്ഥലത്തുനിന്നു ഭക്ഷണത്തിന്‍റെ സാംപിളുകള്‍ ശേഖരിച്ചിരുന്നു. ഫരീദാബാദിലെ ലാബില്‍ പരിശോധനയ്ക്ക് അയച്ച സാംപിളിന്‍റെ ഫലങ്ങളാണ് രണ്ട് മാസത്തിനു ശേഷം പുറത്തുവന്നത്.
സബീറിന്‍റെ മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് സഹോദരനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോഴാണ് പൊലീസ് ഈ വിവരം കൈമാറിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പ്രതികളാണ് അറസ്റ്റിലായത്. ആറ് പേരെ ഇനിയും കണ്ടെത്താനുണ്ട്.
പശ്ചിമ ബംഗാളിൽ നിന്നുള്ള തൊഴിലാളിയായ സബീർ മാലിക്കിനെ അടുത്തുള്ള ഒരു കടയിലേക്ക് വിളിച്ചുകൊണ്ടുവന്ന സംഘം, ക്രൂരമായി മർദ്ദിച്ചു. തുടർന്ന് ബൈക്കിൽ കയറ്റി മറ്റൊരു സ്ഥലത്തു കൊണ്ടുപോയി മരിച്ചുവെന്ന് ഉറപ്പിക്കുന്നതുവരെ ക്രൂരമായി മർദിക്കുകയായിരുന്നു. മരണം ഉറപ്പിച്ച ശേഷം പ്രതികള്‍ മൃതദേഹം സബീര്‍ താമസിച്ചിരുന്ന കുടിലിന്‍റെ മുന്നില്‍ ഇടുകയായിരുന്നു.
സംഭവം നടക്കുന്നതിന് മുൻപുതന്നെ കുടിലിൽ ബീഫ് വെക്കുന്നുവെന്നാരോപിച്ച് ചിലർ പൊലീസിനെ വിവരം അറിയിച്ചിരുന്നു. പൊലീസ് എത്തി മാംസം പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും സബീർ കൊല്ലപ്പെട്ടിരുന്നു.