കാറില്‍ ഒളിപ്പിച്ചു കടത്തിയ എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശി അരുണ്‍, തിരുനാവായ സ്വദേശി അയ്യൂബ് എന്നിവരെയാണ് മണ്ണാര്‍ക്കാട് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും പന്ത്രണ്ട് കിലോ കഞ്ചാവും 3.9 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു.
കുന്തിപ്പുഴ ബൈപ്പാസിലെ അരകുറുശ്ശി ഭാഗത്തായിരുന്നു ലഹരി ഇടപാടിനുള്ള ശ്രമം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വാഹനപരിശോധന നടത്തുകയായിരുന്നു. രണ്ട് കാറുകളിലായാണ് യുവാക്കള്‍ എത്തിയത്. വാഹനപരിശോധനയ്ക്കിടെ ആദ്യം വന്ന കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടു. ഇതിനു പിന്നാലെ വന്ന കാറിനെയാണ് പൊലീസ് തടഞ്ഞത്. കാറിലുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്തത് കണ്ടതോടെ മുന്നിലെ കാറിലുണ്ടായിരുന്ന യുവാവ് ഇറങ്ങിയോടി. ഇയാളെ ക്ഷേത്ര പരിസരത്തുണ്ടായിരുന്ന നാട്ടുകാര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് വാഹനം പരിശോധിച്ചപ്പോഴാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്.
അരുണ്‍ ഓടിച്ചിരുന്ന കാറില്‍നിന്നും 6.6 കിലോ കഞ്ചാവും വിശദമായ പരിശോധനയില്‍ എം.ഡി.എം.യും പിടികൂടി. അയ്യൂബ് ഓടിച്ചിരുന്ന കാറില്‍ നിന്നും 5.4 ഗ്രാം കഞ്ചാവും കണ്ടെത്തി. തമിഴ്‌നാട്ടില്‍നിന്നാണ് ഇരുവരും ലഹരിവസ്തുക്കള്‍ എത്തിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഡിവൈ.എസ്.പി.സി സുന്ദരന്റെ നിര്‍ദേശപ്രകാരം മണ്ണാര്‍ക്കാട് പൊലീസും ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളുമാണ് പരിശോധനയില്‍ പങ്കെടുത്തത്.