mdma-angamaly-arrest

TOPICS COVERED

അങ്കമാലി മഞ്ഞപ്രയിൽ ലഹരിമരുന്ന് വേട്ട. ബംഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ട് വന്ന ഇരുപത് ലക്ഷം രൂപ വിലയുള്ള മുന്നൂറ് ഗ്രാം എംഡിഎംഎ പിടികൂടി. പരിശോധനക്കിടെ വാഹനം ഉപേക്ഷിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പോത്താനിക്കാട് സ്വദേശി അഭിരാജിനെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.

 

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അങ്കമാലി മഞ്ഞപ്ര ചന്ദ്രപ്പുര ഭാഗത്തു ലഹരി മരുന്നിനായി വാഹന പരിശോധന നടത്തിയത്. അമിത വേഗത്തിൽ വന്ന കാർ പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെ ഓടിച്ചു പോയി. പൊലീസ് സംഘം പിന്തുടർന്നതോടെ വാഹനം ഇടയ്ക്ക് ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു. 

പോത്താനിക്കാട് ഞാറക്കാട് സ്വദേശി അഭിരാജാണ് പിടിയിലായത്. ധരിച്ചിരുന്ന ജാക്കറ്റിനുള്ളിലെ പ്രത്യേക അറയിലാണ് എം.ഡി.എം.എ ഒളിപ്പിച്ചിരുന്നത്. മുന്നൂറ് ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. ഇരുപത് ലക്ഷത്തോളം രൂപ വിലയുള്ള രാസലഹരിയാണെന്ന് ഡാൻസാഫ് സംഘം വ്യക്തമാക്കി. 2023ൽ പോത്താനിക്കാട് നിന്ന് 20 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് അഭിരാജ്. നാർക്കോട്ടിക് സെല്ലും പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. കഴിഞ്ഞയാഴ്ച അങ്കമാലിയിൽ നിന്ന് 300 ഗ്രാം എം.ഡി.എം.എ പോലീസ് പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതി ഉൾപ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.

ENGLISH SUMMARY:

400 grams of MDMA valued at 20 lakh rupees, smuggled from Bengaluru seized at Angamaly.