മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ.മണികണ്ഠ‌ന്റെ ഒറ്റപ്പാലത്തെ വാടക വീട്ടിലും സബ് റീജിയനൽ ട്രാൻസ്പോർട്ട് ഓഫിസിലും കാസർകോട് ചെറുവത്തൂരിലെ വീട്ടിലും വിജിലൻസ് പരിശോധന. ഒറ്റപ്പാലത്തെ വാടക വീട്ടിൽ മണിക്കൂറുകളോളം നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്തതെന്നു കരുതുന്ന 1.90 ലക്ഷം രൂപ പിടിച്ചെടുത്തു. 

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോഴിക്കോട്ടെ വിജിലൻസ് സ്പെഷൽ സെൽ എഫ്ഐആർ റജിസ്റ്റർ ചെയ്തതിനു പിന്നാലെയായിരുന്നു റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമാണു നടപടി. കാസർകോട് ചെറുവത്തൂർ സ്വദേശിയും ഒറ്റപ്പാലം സബ് റീജിയനൽ ട്രാൻസ്പോർട്ട് ഓഫിസിലെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറുമായ കെ.മണികണ്ഠൻ വാടകയ്ക്കു താമസിക്കുന്ന തോട്ടക്കരയിലെ വീട്ടിൽ ആറര മണിക്കൂറോളമായിരുന്നു പരിശോധന. 

പണത്തിനു പുറമേ മൊബൈൽ ഫോണും ചില രേഖകളും കസ്റ്റഡിയിലെടുത്തു. റിപ്പോർട്ട് തലശ്ശേരി കോടതിയിൽ സമർപ്പിക്കും. ഒറ്റപ്പാലം സബ് റീജിയനൽ ട്രാൻസ്പോർട്ട് ഓഫിസിൽ രാവിലെ പത്തരയോടെ പൂർത്തിയായ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. അതേസമയം, വീടു പണിക്കായി വായ്പയെടുത്ത പണമാണിതെന്നും ഇതിനു രേഖയുണ്ടെന്നുമാണു മണികണ്ഠന്റെ പ്രതികരണം. ആട് 2, ജാനകീജാനെ ഉൾപ്പെടെ നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തയാളാണു മണികണ്ഠൻ.

ENGLISH SUMMARY:

MVD officer and actor K. Manikandan's house raided; 1.90 lakh seized