ആലുവ ചെങ്ങമനാട് കള്ളനോട്ടുക്കേസില്‍ അറസ്റ്റിലായ യുവാവ് നിരപരാധിയെന്ന് കുടുംബവും നാട്ടുകാരും. ബുദ്ധിവൈകല്യമുള്ള യുവാവിനെ കേസില്‍ കുടുക്കിയതാണെന്നും അറസ്റ്റിന് പൊലീസ് അനാവശ്യ തിടുക്കം കാട്ടിയെന്നും ആരോപണം. വഴിയരികില്‍ നിന്ന് ലഭിച്ച നോട്ടുകളാണ് വ്യാജനെന്ന് അറിയാതെ യുവാവ് ബാങ്കിലെത്തിച്ചതെന്നാണ് സൂചന.
കുന്നുകര സഹകരണബാങ്കില്‍ ഏഴായിരത്തി അഞ്ഞൂറ് രൂപ നിക്ഷേപിച്ച ലോട്ടറി വില്‍പനക്കാരന്‍ ശ്രീകാന്തിനെയാണ് ചെങ്ങമനാട് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ശ്രീകാന്ത് എത്തിച്ചത് അഞ്ഞൂറ് രൂപയുടെ പതിനഞ്ച് കള്ളനോട്ടുകളാണെന്ന് കണ്ടെത്തിയതോടെയായിരുന്നു പൊലീസ് നീക്കം. ജയിലില്‍ കഴിയുന്ന ശ്രീകാന്ത് നിരപരാധിയെന്ന് വീട്ടുകാരും നാട്ടുകാരും ഒരു പോലെ പറയുന്നു.
ഒരു മാസം മുന്‍പ് രണ്ടായിരം രൂപ സമ്മാനം ലഭിച്ച രണ്ട് ലോട്ടറി ടിക്കറ്റുകള്‍ ഇപ്പോളും മാറാതെ ശ്രീകാന്തിന്‍റെ ബാഗിലുണ്ട്. ശ്രീകാന്ത് അറസ്റ്റിലായതിന് ശേഷവും പ്രദേശത്ത് ഉപേക്ഷിച്ച കള്ളനോട്ടുകള്‍ കണ്ടെത്തി.