മലയാളി യുവതിക്ക് തമിഴ്നാട് സർക്കാർ ബസിൽ ദുരനുഭവം. അർദ്ധരാത്രി നടുറോഡിൽ യുവതിയെ ജീവനക്കാർ ഇറക്കി വിട്ടു. ദേശീയപാതയിൽ രാത്രി ഇറക്കിവിടുന്നത് സുരക്ഷിതം അല്ലെന്നു കെഞ്ചിപ്പറഞ്ഞിട്ടും വഴങ്ങിയില്ല അധ്യാപികയായ കോഴിക്കോട് സ്വദേശി സ്വാതിഷയ്ക്കാണ് ദുരനുഭവമുണ്ടായത്.
തിങ്കളാഴ്ച രാത്രി ബംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് വരുമ്പോഴാണ് സംഭവം. വൈകീട്ട് 3 മണിക്കാണ് സ്വാതിഷ ബസ് കയറിയത്. 420 രൂപയുടെ ടിക്കറ്റിന് 500 രൂപയാണ് നൽകിയത്. ഒരുപാട് സമയം കഴിഞ്ഞെങ്കിലും കണ്ടക്ടർ ബാക്കി തിരിച്ച് നൽകിയില്ല. വെല്ലൂർ എത്തിയപ്പോൾ സ്വാതിഷാ ബാക്കി ചോദിച്ചു. ഇത് കണ്ടക്ടറെ ചൊടിപ്പിച്ചു.
12 മണിയോടെയാണ് സ്വാതിഷ ശ്രിപെരുമ്പത്തൂർ എത്തുന്നത്. ജോലി ചെയുന്ന കോളേജിന് സമീപം ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ കണ്ടക്ടർ മോശമായി സംസാരിച്ചു. ഇവിടെ ഇറങ്ങുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് കെഞ്ചി പറഞ്ഞിട്ടും ദേശീയപാതയിൽ ഇറക്കി വിടുകയായിരുന്നു. പരാതിപ്പെടുമെന്ന് സ്വാതി ഷ പറഞ്ഞപ്പോൾ ഇഷ്ടമുള്ളത് ചെയ്തോളൂ എന്നായിരുന്നു മറുപടി. എസ്.ഇ.ടി.സി അധികൃതർക്ക് സ്വാതിഷ പരാതി നൽകി. ശ്രീപെരുമ്പത്തൂരിലെ സ്വകാര്യ കോളേജിൽ അധ്യാപികയാണ് ഇവർ.