നാല്‍പത് വര്‍ഷങ്ങള്‍ നീണ്ട സ്ഥലത്തര്‍ക്കത്തിന് ഇരയായി കൊല്ലപ്പെട്ട് പതിനേഴുകാരന്‍. വാളുകൊണ്ട് വെട്ടേറ്റ് തല ശരീരത്തില്‍ നിന്ന് തെറിച്ചു പോയി. മകന്‍റെ തലയും മടിയില്‍ വച്ച് അമ്മയിരുന്നത് മണിക്കൂറുകളോളം. ഉത്തര്‍പ്രദേശിലെ ജാന്‍പുരിലാണ് സംഭവം.
കബിരുദ്ദീന്‍ എന്ന ഗ്രാമത്തിലാണ് സ്ഥലത്തിന്‍റെ പേരില്‍ ഇരുവിഭാഗം ഏറ്റുമുട്ടിയത്. ഇതിനിടെയാണ് തര്‍ക്കത്തിലേര്‍പ്പെട്ട റാംജിത്ത് യാദവിന്‍റെ മകന്‍ അനുരാഗിനെ ചിലര്‍ വളഞ്ഞിട്ട് ആക്രമിച്ചത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വാളുകൊണ്ട് അനുരാഗിന്‍റെ തലയറുത്തു. സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലായി. വാളുമായെത്തിയ ആള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
നാല്‍പത്– നാല്‍പത്തിയഞ്ച് വര്‍ഷങ്ങളോളമായി തുടരുന്ന പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് സൂപ്രണ്ടന്‍റ് അജയ് പാല്‍ ശര്‍മ മാധ്യമങ്ങളോട് വ്യക്തമാക്കി. രമേശ്, ലാല്‍ത എന്നീ രണ്ടുപേരാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സിവില്‍ കോടതിയില്‍ സ്ഥലത്തര്‍ക്കത്തിന്‍റെ കേസ് നടന്നുവരികയാണ്. ഇപ്പോഴുണ്ടായ അതിദാരുണ സംഭവത്തില്‍ മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടതായി ജില്ലാ മജിസ്ട്രേറ്റ് ദിനേഷ് ചന്ദ്ര അറിയിച്ചു. പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.