ഡല്‍ഹി രോഹിണിയില്‍ സിആര്‍പിഎഫ് സ്കൂളിന് മുന്‍വശമുണ്ടായ സ്ഫോടനത്തില്‍ ഭീകരബന്ധം കണ്ടെത്താനാകാതെ ഡല്‍ഹി പൊലീസും കേന്ദ്ര ഏജന്‍സികളും. ബോംബ് സ്ഫോടനമല്ല വ്യവസായ മാലിന്യങ്ങള്‍ക്ക് തീപിടിച്ചുണ്ടായ സ്ഫോടനമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഡല്‍ഹി നടുങ്ങിയ സ്ഫോടനമുണ്ടായി രണ്ടാഴ്ചയാകുമ്പോഴാണ് അട്ടിമറി സാധ്യതകളും ഭീകരബന്ധവും തള്ളിയുള്ള പൊലീസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവരുന്നത്. രോഹിണി സിആര്‍പിഎഫ് സ്കൂളിന് മുന്‍വശം സ്ഫോടനമുണ്ടായ കഴിഞ്ഞമാസം 20ന് രാവിലെ നായയുമായി നടക്കാന്‍ പോയ ഒരാള്‍ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞെന്നും സിഗരറ്റ് കുറ്റിയിലെ തീപ്പൊരിയാണ് പെട്ടെന്ന് വലിയ സ്ഫോടനമുണ്ടാക്കിയതെന്നുമാണ് പുതിയ വിവരം.
സ്ഫോടനമുണ്ടാകുന്നതിന് അഞ്ച് മിനിറ്റ് മുന്‍പ് മാത്രം ആ വഴി പോയ ഒരു വ്യവസായിയാണ് സിഗരറ്റ് കുറ്റി ഉപേക്ഷിച്ചത്. സിസി ടിവി ദൃശ്യങ്ങളില്‍നിന്നാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. എന്നാല്‍ പുതിയ വിവരങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. ഡല്‍ഹി പൊലീസിന് പുറമെ വിവിധ കേന്ദ്ര ഏജന്‍സികളുമാണ് രോഹിണി സ്ഫോടന കേസ് അന്വേഷിക്കുന്നത്. ഒരു ഖലിസ്ഥാന്‍ സംഘടന സ്ഫോടനത്തില്‍ ഉത്തരവാദിത്തമേറ്റെടുത്തിരുന്നു. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പായി ഫൊറന്‍സിക് സയന്‍സ് ലാബോറട്ടറിയില്‍നിന്നും എന്‍എസ്ജിയില്‍നിന്നുമുള്ള അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് ഡല്‍ഹി പൊലീസ്.