തിരുവനന്തപുരം വെങ്ങാനൂരില്‍ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചു. കാറും മൂന്നു ബൈക്കുകളുമാണ് കത്തിയമര്‍ന്നത്. പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവിനു വേണ്ടി പൊലീസ് തിരയുന്നു.
വെങ്ങാനൂര്‍ കൈപ്പളളിക്കുഴിയില് റിട്ട. അധ്യാപികയായ സുമതിയുടെ വീട്ടിലെ വാഹനങ്ങളാണ് കത്തിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ വീടിനു പുറത്ത് വലിയ ശബ്ദം കേട്ടും പ്രകാശം കണ്ടുമാണ് വീട്ടിലുളളവര്‍ ഉണര്‍ന്നത്. സുമതിയുടെ വീടിനു മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകളും കത്തിച്ചു. തൊട്ടപ്പുറത്ത് വാടകയ്ക്ക് കൊടുത്തിരിക്കുന്ന ഇവരുടെ തന്നെ വീട്ടിലെ കാര്‍ ഷെഡില്‍ കിടന്ന കാറും ഒരു ബൈക്കും കൂടി കത്തുന്നതാണ് വീട്ടുകാര്‍ കണ്ടത്. ഇവരുടെ വീട്ടിലെ ബൈക്കുകള്‍ കത്തിച്ച ശേഷമാണ് അടുത്ത വീട്ടിലിരുന്ന വാഹനങ്ങള്‍ക്ക് തീയിട്ടത്. അടുത്ത ബന്ധുവായ രമേശ്കുമാറിനെതിരെയാണ് വീട്ടുകാരുടെ മൊഴി. ഇയാളുമായി അധ്യാപികയുടെ വീട്ടുകാര്‍ക്ക് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായും വ്യക്തിവൈരാഗ്യമെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. കോവളം പൊലീസാണ് കേസന്വേഷിക്കുന്നത്.