TOPICS COVERED

വധഭീഷണിയില്‍ പകച്ച് നില്‍ക്കുകയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ഉണ്ണികൃഷ്ണനും കുടുംബവും. മദ്യപസംഘത്തിന്‍റെ അഴിഞ്ഞാട്ടം ചോദ്യം ചെയ്തതിനാണ് കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണനും കുടുംബത്തിനും നേരെ ഗുണ്ടാസംഘത്തിന്‍റെ ആക്രമണമുണ്ടായത്. പുറത്തിറങ്ങിയാല്‍ കൊല്ലുമെന്നാണ് ഭീഷണിയെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പരാതിയില്‍ കൊയിലാണ്ടി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

വീടിന് സമീപത്തെ മദ്യപാനം ചോദ്യം ചെയ്തതതോടെയാണ് പന്തലായിനി സ്വദേശിയായ ഉണ്ണികൃഷ്ണനെയും കുടുംബത്തെയും ഗുണ്ടാസംഘം ആക്രമിച്ചത്. ഉണ്ണികൃഷ്ണനെ ക്രൂരമായി മര്‍ദിച്ചു. ഭാര്യക്കും മക്കള്‍ക്കും പരുക്കേറ്റു.  കണ്ണില്‍ കണ്ടതെല്ലാം സംഘം തല്ലിതകര്‍ത്തു. 

കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിയിട്ടും ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് ഉണ്ണികൃഷ്ണന്‍ ആരോപിച്ചു.  ജീവഭയം കാരണം ഉണ്ണികൃഷ്ണനും കുടുംബത്തിനും സഹോദരന്‍റെ വീട്ടിലേയ്ക്ക് മാറി താമസിക്കേണ്ടി വന്നു. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും അക്രമിസംഘത്തെ പിടികൂടാന്‍ പൊലിസ് മടിക്കുകയാണെന്നാണ് ഉണ്ണികൃഷ്ണന്‍റെ ആരോപണം. സിപിഎം സമര്‍ദ്ദം കാരണമാണ് തുടര്‍നടപടി വൈകുന്നതെന്നും കുടുംബം സംശയിക്കുന്നു. 

ENGLISH SUMMARY:

Family threatened after questioning rowdy drunken group.