വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ. തിരുവല്ല കടപ്ര സ്വദേശി അജിൻ ജോർജ് ആണ് മാന്നാർ പൊലീസിന്റെ പിടിയിലായത്. നഴ്സിംഗ് വിദ്യാർഥികളെ കേന്ദ്രീകരിച്ച് തട്ടിപ്പുനടത്തിയ ഇയാൾക്കെതിരെ വിവിധ ജില്ലകളിൽ കേസുകൾ നിലവിലുണ്ട്.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടശേഷം ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്നതാണ് പ്രതി അജിൻ ജോർജിന്റെ രീതി. സ്ത്രീകളും നഴ്സിംഗ് വിദ്യാർഥികളുമാണ് കൂടുതലായും അജിന്റെ വലയിൽ വീണത്. കഴിഞ്ഞ ആറു വർഷത്തിനിടെ കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം, മലപ്പുറം ജില്ലകളിലായി നിരവധി കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രവാസിയായ സാം യോഹന്നാൻ നൽകിയ പരാതിയിലാണ് തൃശ്ശൂർ ഒല്ലൂരിൽ നിന്ന് പ്രതി പിടിയിലായത്. സാമിനും ഭാര്യയ്ക്കും വിദേശത്ത് ജോലി തരപ്പെടുത്തി നൽകാമെന്നുപറഞ്ഞ് കഴിഞ്ഞ മാസം പ്രതി രണ്ടുലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. തുടർന്ന് പലതവണ ഫോണിൽ വിളിച്ചിട്ടും കിട്ടാതെ വന്നതോടെയാണ് തട്ടിപ്പ് മനസ്സിലായത്. സമാനമായി എളമക്കര സ്വദേശിയായ യുവതിയിൽ നിന്ന് 42 ലക്ഷം രൂപയും ഇയാൾ കൈക്കലാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.