വയനാട് പനമരത്തെ ആദിവാസി യുവാവിന്‍റെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. കുടുംബത്തിന്റെ പരാതിയിലാണ് തീരുമാനം. പോക്സോ കേസിൽ പെടുത്തുമെന്ന പൊലീസ് ഭീഷണിയിൽ ഭയന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് രതിൻ പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്.
പൊതുസ്ഥലത്ത് വെച്ച് പ്രശ്നം ഉണ്ടാക്കിയെന്ന വകുപ്പിലാണ് രതിനെതിരെ കേസെടുത്തിരുന്നത്. പോക്സോ കേസിൽ പെടുത്തുമെന്ന് പൊലീസ് ഭീഷണിപെടുത്തുക കൂടി ചെയ്തതോടെ ഭയന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. പുഴയിൽ ചാടുന്നതിന്റെ മുമ്പ് സഹോദരിക്ക് അയച്ചുകൊടുത്ത വീഡിയോയിൽ രതിൻ ഇത് പറയുന്നുണ്ട്. രതിന് മർദനമേറ്റതായും കുടുംബം ആരോപിക്കുന്നുണ്ട്.
വിശദമായ അന്വേഷണം വേണം, കുറ്റക്കാർക്കെതിരെ കടുത്ത നടപടി എടുക്കണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബവും ആദിവാസി സംഘടനകളും മുഖ്യമന്ത്രിക്ക് പരാതി നൽകുന്നുണ്ട്. അതിനിടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു.
വകുപ്പ്തല പ്രാഥമിക അന്വേഷണവും തുടങ്ങി. പോക്സോ കേസിൽ പെടുത്തുമെന്ന് കമ്പളക്കാട് പോലീസ് ഭീഷണിപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയിൽ കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്യത്തിലും അന്വേഷണം നടത്തും.