പത്തനംതിട്ടയില്‍ രാജസ്ഥാന്‍ സ്വദേശിയുടെ പാറപൊട്ടിക്കുന്ന യന്ത്രം തട്ടിയെടുത്ത സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അര്‍ജുന്‍ദാസ്, റൗഡി ലിസ്റ്റില്‍പ്പെട്ട ആളെന്ന് പൊലീസ്. നരഹത്യാശ്രമം, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങി എട്ടിലധികം കേസുകളില്‍ പ്രതിയാണ്. ഇന്നലെ അറസ്റ്റിലായ പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
തട്ടിയെടുത്ത പാറപൊട്ടിക്കല്‍ യന്ത്രത്തിന്‍റെ കൂടുതല്‍ ഭാഗങ്ങള്‍ ഇനിയും കണ്ടെത്താനുള്ളതിനാലാണ് അര്‍ജുന്‍ ദാസിനെ കോടതി പൊലീസിന് വിട്ടുകൊടുത്തത്. ഇന്നലെയാണ് പ്രതിയെ തുമ്പമണ്ണിലെ ഭാര്യവീടിന് സമീപത്ത് നിന്ന് പിടികൂടിയത്. അടൂര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയുടെ പരിധിയില്‍ നിരന്തരം ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്ന പ്രതിക്കെതിരെ മലയാലപ്പുഴ പൊലീസ് ജൂണ്‍ 19ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലാണ് റൗഡി ഹിസ്റ്ററി ഷീറ്റ് ഉള്ളത്. നരഹത്യാശ്രമം, ലഹളയുണ്ടാക്കല്‍, തുടങ്ങി നിരന്തരം കേസുകളില്‍ പ്രതിയാണ്.
അടുത്തിടെയാണ് തുമ്പമണ്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് സിപിഎം അര്‍ജുന്‍ദാസിനെ പുറത്താക്കിയത്. ബ്രാഞ്ച് സെക്രട്ടറി ആയിരിക്കെയാണ് രാജസ്ഥാന്‍കാരന്‍ കിഷന്‍ ലാലിന്‍റെ യന്ത്രം വാടക നല്‍കാം എന്ന് പറഞ്ഞ് കൈക്കലാക്കിയത്. ഇതുപയോഗിച്ച് മൂന്നരവര്‍ഷം പണി ചെയ്തിട്ടും ഒരു രൂപ വാടക കൊടുത്തില്ല. ബ്രാഞ്ച് സെക്രട്ടറിയായിരിക്കെ തട്ടിയെടുത്ത മെഷീന്‍റെ പേരില്‍ ഹെവി മെഷീന്‍ വര്‍ക്കേഴ്സ് സിഐടിയു അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ആയി.
യന്ത്രം വിട്ടു കൊടുക്കാന്‍ കിഷന്‍ ലാലിനോട് ആറ് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് കോന്നി പൊലീസ് കേസെടുത്തത്. ഒളിപ്പിച്ച യന്ത്രം പ്രമാടത്ത് നിന്ന് പൊലീസ് കണ്ടെത്തി. അര്‍ജുന്‍ ദാസിന്‍റെ ഭാര്യ കാര്‍ത്തിക ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗമാണ്. അര്‍ജുനും കാര്‍ത്തികയും ഏഴ് വയസുകാരനെതിരെ മാരകായുധം പ്രയോഗിച്ച കേസിലടക്കം പ്രതികളുമാണ്.