താലൂക്ക് ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഇറങ്ങിയ ഡെപ്യൂട്ടി തഹസീൽദാരെ കാണാനില്ല. മലപ്പുറം തിരൂർ ഡപ്യൂട്ടി തഹസിൽദാർ പി.ബി.ചാലിബിനെയാണു കാണാതായത്. ബുധനാഴ്ച രാത്രി പൊലീസ് എക്സൈസ് ഉദ്യോഗസ്ഥർക്കൊപ്പം റെയ്ഡിനു പോവാനുണ്ടെന്നാണ് കുടുംബത്തെ അറിയിച്ചത്. എന്നാൽ ദുരൂഹതയുണ്ടന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്. വളാഞ്ചേരിക്കടുത്ത ഇരുമ്പിളിയത്ത് എക്സൈസ് പൊലീസ് ഉദ്യോഗസ്ഥർക്കും രാത്രി പരിശോധനയ്ക്ക് പോകാനുള്ളതുകൊണ്ട് വീട്ടിലെത്താൻ വൈകും എന്നാണ് ഭാര്യയെ അറിയിച്ചിരുന്നത്. എന്നാൽ അങ്ങനെ ഒരു റെയ്ഡ് റവന്യൂ വകുപ്പ് നടത്തിയില്ല എന്നാണ് കുടുംബം നടത്തിയ അന്വേഷണത്തിൽ പിന്നീട് വ്യക്തമായത്. തിരൂർ മാങ്ങാട്ടിരി സ്വദേശിയാണ് ചാലിബ്.
ബുധനാഴ്ച വൈകിട്ട് ഓഫിസിൽ നിന്ന് ഇറങ്ങിയതാണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം സംശയിക്കുന്നത്. ബുധനാഴ്ച രാത്രി തന്നെ ഇതിനിടെ ചാലിബിൻ്റെ ഫോൺ സ്വിച്ച് ഓഫ് ആയി. വ്യാഴാഴ്ച രാവിലെ 6.55 ന് വീണ്ടും ഓണായി. മിനിട്ടുകൾക്കുള്ളിൽ വീണ്ടും ഓഫായി. ഈ സമയം ഫോണിൻ്റെ ലൊക്കേഷൻ കോഴിക്കോട് പാളയമാണന്നാണ് പൊലീസിന്‍റെ അന്വേഷണത്തിൽ വ്യക്തമായത്. തിരൂർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.