നടിമാരുടെ പേരിൽ എസ്കോർട്ട് സർവീസ് വാഗ്ദാനം ചെയ്ത് ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍. കൊച്ചിയിലെ നെയില്‍ ഡിസൈന്‍ സ്ഥാപന ഉടമ ശ്യാം മോഹനെയാണ് കൊച്ചി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് യുവ നടിമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം.
സമൂഹമാധ്യമങ്ങളില്‍ ഗള്‍ഫ് മലയാളികളുടെ ചാറ്റ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചായിരുന്നു ശ്യാംമോഹന്‍റെ തട്ടിപ്പ്. മലയാളത്തിലെ യുവ നടികളെയാണ് അവരറിയാതെ ശ്യാംമോഹന്‍ ഇരകളാക്കിയത്. നടികള്‍ അടുത്ത ദിവസങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ എത്തുന്നുണ്ടെന്നും പണം നല്‍കിയാല്‍ ഇവരോടൊപ്പം സമയം ചെലവഴിക്കാന്‍ അവസരമുണ്ടാക്കാമെന്നായിരുന്നു വാഗ്ദാനം. ഏജന്‍റെന്ന നിലയില്‍ ശ്യാംമോഹന്‍റെ ഫോണ്‍ നമ്പറും പണം നിക്ഷേപിക്കാന്‍ അക്കൗണ്ട് നമ്പറും ഗ്രൂപ്പുകളില്‍ പങ്കുവെച്ചായിരുന്നു തട്ടിപ്പ്.
നിരവധി ഗള്‍ഫ് മലയാളികളാണ് ഇത്തരത്തില്‍ തട്ടിപ്പിനിരയായത്. രണ്ട് യുവ നടിമാര്‍ക്ക് തട്ടിപ്പ് സംബന്ധിച്ച് വിവരം ലഭിച്ചതാണ് നിര്‍ണായകമായത്. ഇരുവരും കൊച്ചി സിറ്റി സൈബര്‍ പൊലീസിനെ സമീപിച്ചു. ഗള്‍ഫ് മലയാളികളുടെ ഗ്രൂപ്പുകള്‍ നിരീക്ഷിച്ച സൈബര്‍ പൊലീസ് ശ്യാംമോഹന്‍ പങ്കുവെച്ച സന്ദേശങ്ങള്‍ ശേഖരിച്ചു. ഇതോടൊപ്പം നല്‍കിയിരുന്ന അക്കൗണ്ട് നമ്പറാണ് ശ്യാംമോഹന് കുരുക്കായത്. പാലാരിവട്ടത്തെ സ്വകാര്യ ബാങ്കിലെ അക്കൗണ്ട് വഴി ഉടമയെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു.
കടവന്ത്രയിലെ ലാ നെയില്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് കൊല്ലം സ്വദേശിയായ ശ്യാംമോഹന്‍. എട്ട് മാസത്തിനിടെ നാല് ലക്ഷത്തിലധികം രൂപയാണ് തട്ടിപ്പിലൂടെ ശ്യാംമോഹന്‍ പോക്കറ്റിലാക്കിയത്. കൂടുതല്‍ നടിമാരുടെ പേരുകളും തട്ടിപ്പിനുപയോഗിച്ചിട്ടുണ്ടെന്ന സംശയവും പൊലീസിനുണ്ട്. തട്ടിപ്പിനിരയായവര്‍ നാണക്കേട് കാരണം സംഭവം പുറത്തുപറയാത്തതും തട്ടിപ്പുകാരന് തുണയായി.
തട്ടിപ്പില്‍ കൂടുതല്‍ പേരുടെ പങ്ക് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. എസ്ഐ ശൈലേഷ്, എഎസ്ഐ ശ്യാം ഉള്‍പ്പെടുന്ന സൈബര്‍ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.