popular-front-activists-sen

കൊല്ലത്ത് സിപിഎം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഏഴ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഏഴ് വര്‍ഷം കഠിനതടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ. പന്ത്രണ്ടു വര്‍ഷം മുന്‍പാണ് കൊലപാതകശ്രമം നടന്നത്. കേസിന്റെ വിചാരണഘട്ടത്തില്‍ ഒളിവില്‍പോയ രണ്ടു പ്രതികള്‍ ഉള്‍പ്പെടെ നാലു പ്രതികളെ ഇനിയും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. 2012 ജനുവരി മൂന്നിന് കുളപ്പാടം സ്വദേശികളും സിപിഎം പ്രവർത്തകരുമായ രഞ്ജിത്ത്, സെയിഫുദ്ദീൻ എന്നിവരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലാണ് കൊല്ലം അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 

 

കുളപ്പാടം സ്വദേശികളായ രണ്ടാംപ്രതി മുഹമ്മദ് ഫൈസൽ, അഞ്ചാംപ്രതി മുഹമ്മദ് താഹീർ, ഏഴാം പ്രതി സലീം, എട്ടാംപ്രതി അബ്ദുൾ ജലീൻ, മൂന്നാംപ്രതി മുട്ടയ്ക്കാവ് സ്വദേശി ഇർഷാദ്, നാലാം പ്രതി പുന്നൂർ സ്വദേശി ഷഹീർ മുസലിയാർ, പത്താം പ്രതി തൃക്കോവിൽവട്ടം സ്വദേശി കിരാർ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികൾക്ക് ഏഴു വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്‌തരിക്കുകയും 51 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. 

ഒന്നാം പ്രതി കുളപ്പാടം സ്വദേശി മുഹമ്മദ് അൻവർ, ആറാം പ്രതി പള്ളിമൺ വട്ടയില സ്വദേശി ഷാൻ എന്നിവർ വിചാരണ വേളയിൽ ഒളിവിൽ പോയി. ഒമ്പതാം പ്രതി ഷാഫി, പതിനൊന്നാം പ്രതി ഹുസൈന്‍ എന്നിവരെ പിടികൂടാന്‍ ചാത്തന്നൂര്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.  പാര്‍ട്ടി സമ്മേളനത്തിന്റെ കൊടി കെട്ടിയ േശഷം വീട്ടിലേക്ക് പോയ യുവാക്കളെ പ്രതികള്‍ രാഷ്ട്രീയവിരോധത്താല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. വിധിപ്രസ്താവം കണക്കിലെടുത്ത് കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്.

ENGLISH SUMMARY:

Seven Popular Front activists sentenced to seven years in rigorous imprisonment and a fine of Rs 30,000 in the case of attempting to kill CPM workers in Kollam