ഉത്തർപ്രദേശിലെ നോയിഡയിൽ ഇറച്ചി വാങ്ങാന്‍ കടയിലെത്തിയ യുവാവ് കുത്തേറ്റുമരിച്ചു. നോയിഡയിൽ താമസിക്കുന്ന മീററ്റ് സ്വദേശിയായ 35 കാരനായ ഷഹ്‌സാദനാണ് ഇറച്ചി വാങ്ങാന്‍ വേണ്ടി കടയിലെത്തിയ അജ്ഞാതനായ മറ്റൊരൊളുടെ കുത്തേറ്റു മരിച്ചത്. തൂവാലയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, സെക്ടർ 117 ല്‍ ഗുൽസാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു കട. ഇരുവരും തങ്ങളുടെ ഓര്‍ഡറിനായി കാത്തുനില്‍ക്കുന്നതിനിടയില്‍ ഷഹ്‌സാദ് അയാളുടെ കയ്യിലിരുന്ന തൂവാല കടം ചോദിച്ചു. ഈ അഭ്യര്‍ത്ഥനയാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഇത് ഇരുവരും തമ്മിലുളള അഭിപ്രായവ്യത്യാസത്തിലേക്ക് നയിച്ചു. ഇതിനിടയില്‍ ഇറച്ചിക്കടയുടെ കൗണ്ടറിൽ കിടന്നിരുന്ന കശാപ്പുകാരന്‍റെ കത്തി ഷഹ്സാദിന്‍റെ വയറ്റില്‍ കുത്തിയിറക്കി. പലതവണ പ്രതി ഷഹ്സാദിനെ കുത്തി.
ചോരയൊലിക്കുന്ന വയറുമായി ഷഹ്‌സാദ് ഏകദേശം 40 മീറ്ററോളം അടുത്തുള്ള കവലയിലേക്ക് ഓടി. ഓട്ടത്തിനിടയില്‍ ഒരു കലുങ്കിലേക്ക് വീണു. യുവാവ് മരിക്കും വരെ പ്രതി പിന്തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. പലരോടും യുവാവ് സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും മുന്നോട്ടുവരാന്‍ തയ്യാറായില്ല. എല്ലാറ്റിനും ശേഷം ഒന്നും സംഭവിക്കാത്തതുപോലെ പ്രതി ഇറച്ചികടയില്‍ നിന്നും തന്‍റെ ഓര്‍ഡര്‍ എടുത്ത് ശാന്തനായി പുറത്തേക്കുപോയതായും ദൃക്സാക്ഷികള്‍ പറയുന്നു.
ദൃക്സാക്ഷികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തുന്നത്. ഷഹ്‌സാദിന്‍റെ മൃതദേഹം കലുങ്കില്‍ നിന്നും പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കൊലയാളിയെക്കുറിച്ച് പ്രാഥമിക സൂചനകളൊന്നും ലഭിക്കാത്തതിനാൽ മൂന്ന് ടീമുകളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. സമീപത്തെ കടകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. പിന്നാലെ അന്നുരാത്രി ബിഹാർ സ്വദേശിയായ അമർജീത് മഹാതോയാണ് പ്രതിയെന്ന് പൊലീസിന് സൂചന ലഭിച്ചു.
ഇന്ന് പുലർച്ചയോടെ സെക്ടർ 117ന്‍റെ അതിർത്തിയോട് ചേർന്നുള്ള കാട്ടിലാണ് പ്രതിയെ കണ്ടെത്തിയത്. പൊലീസ് എത്തിയതുകണ്ട പ്രതി പൊലീസിനു നേരെ നിറയൊഴിച്ചു. പൊലീസും തിരിച്ചു വെടിവച്ചു. വെടിവയ്പ്പില്‍ കാലിൽ പരുക്കേറ്റ നിലയിലാണ് പ്രതിയെ പൊലീസ് കീഴ്പ്പെടുത്തുന്നത്. പ്രതിയെ ചികില്‍സയ്ക്കായി പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി യുവാവിനെ കുത്താന്‍ ഉപയോഗിച്ച കത്തി, പൊലീസിനുനേരെ വെടിയുതിര്‍ത്ത പിസ്റ്റള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. പ്രതിയുടെ പക്കല്‍ നിന്നും വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്.
മൂന്ന് കുട്ടികളുടെ പിതാവാണ് കൊല്ലപ്പെട്ട ഷഹ്‌സാദ് എന്ന് പൊലീസ് അറിയിച്ചു. ഭാര്യ സൽമ പാചകക്കാരിയാണ്. അടുത്തിടെ ഡ്രൈവർ ജോലി നഷ്ടപ്പെട്ട ഷഹ്‌സാദ് പുതിയ ജോലിക്കായുള്ള കാത്തിരിപ്പിലായിരുന്നു. ഇറച്ചിക്കടയില്‍ നിരീക്ഷണ ക്യാമറകൾ ഉണ്ടായിരുന്നുവെങ്കിലും, ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ മാത്രമാണ് പതിഞ്ഞത്. കുത്തേറ്റതിന് ശേഷം ഷഹ്സാദ് കടയിൽ നിന്ന് ഓടിപ്പോകുന്നതും തുടർന്ന് പ്രതി ഇയാളെ പിന്തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം. അന്വേഷണത്തിന്‍റെ ഭാഗമായി സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. ഇതിനിടയില്‍ സംഭവം നടന്ന ഇറച്ചിക്കടയുടെ ഉടമ ഗുൽസാർ ഒളിവിലാണ്.