TOPICS COVERED

മലപ്പുറം പെരുന്തല്‍മണ്ണയില്‍ ഭര്‍തൃഗൃഹത്തില്‍ പൊള്ളലേറ്റ് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. കുന്നപ്പള്ളി സ്വദേശി ഭാസ്കരന്റെ ഭാര്യ വത്സലയെയാണ്  രണ്ട് മാസം മുന്‍പ് വീട്ടില്‍ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഭാസ്കരന്‍റെ മുന്‍ഭാര്യയും സമാന രീതിയില്‍ പൊള്ളലേറ്റാണ് മരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ഓഗസ്റ്റ് 24ന് പുലർച്ചയാണ് വത്സലയെ അടുക്കളയോട് ചേർന്ന ഭാഗത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അന്നേദിവസം ഭാസ്കരനും വത്സലയും മാത്രമായിരുന്നു കുന്നപ്പള്ളിയിലെ വീട്ടിൽ ഉണ്ടായിരുന്നത്. പതിവുപോലെ പുലര്‍ച്ചെ ഭാസ്കരന് ചായ കൊടുത്തശേഷം അടുക്കളയിലേക്ക് പോയ വത്സലയെ പിന്നീട് കണ്ടത് കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹത്തിന് സമീപത്ത് നിന്ന് തീപ്പെട്ടിയും ഒഴിഞ്ഞ ക്യാനും കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ ശരീരത്തിന്റെ പകുതിയിലേറെ ഭാഗവും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.  സംഭവസമയം വീട്ടിലുണ്ടായിരുന്ന ഭാസ്കരന്‍ അസ്വാഭാവികമായി ശബ്ദമൊന്നും കേട്ടില്ലെന്നാണ് അന്ന് പൊലീസിന് നല്‍കിയ മൊഴി. ഭാസ്കരന്‍റെ മുന്‍ ഭാര്യയും സമാന രീതിയില്‍ തീപൊള്ളലേറ്റാണ് മരിച്ചത്. ഇതിലാണ് വത്സലയുടെ  ബന്ധുക്കളുടെ സംശയം ബലപ്പെട്ടത്.  

രണ്ടു മരണങ്ങൾക്കും സമാന സ്വഭാവം ഉള്ളതിനാല്‍ ദുരൂഹത നീക്കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം. വത്സലയുടെ കുടുംബത്തിന്‍റെ പരാതിയിൽ പെരിന്തൽമണ്ണ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി ദുരൂഹത നീക്കുമെന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പി പറഞ്ഞു.