അനധികൃതമായി വീടിന്‍റെ പൂട്ട് തകര്‍ത്ത് അകത്ത് കടക്കുകയും ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ തലയ്ക്കടിച്ച് ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ച്ച ചെയ്തിരുന്ന കള്ളനെ ഒടുക്കം പൊക്കി പൊലീസ്. ഉത്തര്‍പ്രദേശിലെ ഖോരഖ്പൂരില്‍ നിന്ന് അജയ് നിഷാദ് എന്ന ഇരുപതുകാരനാണ് പിടിയിലായത്. സ്ത്രീകളോട് മോശമായി പെരുമാറിയതിന് അജയ്ക്കെതിരെ മുന്‍പും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ALSO READ; കടകളിൽ മോഷണത്തിന് കയറിയ കള്ളൻ 'വെള്ളം കുടിച്ചു' മടങ്ങി
ജാന്‍ഖയിലെ ഒറ്റപ്പെട്ട വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു അജയ് മോഷണം നടത്തിയിരുന്നത്. ഒഴിഞ്ഞ പ്രദേശത്തുള്ള വീടുകളില്‍ പാതിരാത്രിയില്‍ മൂര്‍ച്ചയേറിയ ആയുധവുമായി എത്തിയാണ് ഇയാള്‍ കൃത്യം നടപ്പാക്കിയിരുന്നത്. നാലുമാസത്തോളമായി പ്രദേശത്ത് വലിയ അതിക്രമമാണ് ഇയാള്‍ നടത്തിയിട്ടുള്ളതെന്ന് പൊലീസ് പറയുന്നു. അജയുടെ അക്രമത്തില്‍ മരിച്ചവരും ഗുരുതരമായി പരുക്കേറ്റവരുമുണ്ട്. ശരീരമാസകലം പരുക്കേറ്റ് രണ്ടുപേര്‍ ഇപ്പോഴും ചികിത്സയിലാണ്. അക്രമത്തില്‍ ഒരു സ്ത്രീയുടെ ഒരു കണ്ണിന്‍റെ കാഴ്ച പൂര്‍ണമായും ഇല്ലാതായി.
2022ല്‍ ലൈംഗിക പീഡനക്കേസില്‍ അജയ് അറസ്റ്റിലായിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയതിനു ശേഷവും ഇയാള്‍ ക്രൂരകൃത്യങ്ങള്‍ തുടര്‍ന്നു. രാത്രി ഒരു മണിക്കും പുലര്‍ച്ചെ നാലു മണിക്കുമിടയിലാണ് ഇയാള്‍ സ്ത്രീകളെ ആക്രമിച്ച് മോഷണം നടത്തിയിരുന്നത്. മുള വടി, ഇരുമ്പ് ദണ്ഡ് തുടങ്ങിയവ കയ്യില്‍ കരുതിയാണ് വീടിനുള്ളില്‍ ഇയാള്‍ അതിക്രമിച്ചു കയറുന്നത്. സ്ത്രീകള്‍ ധരിച്ചിരിക്കുന്ന ആഭരണങ്ങളാണ് പ്രധാനമായും കവര്‍ച്ച ചെയ്തിരുന്നത്.
സ്ഥിരമായി ഒരേ സ്വാഭാവത്തിലുള്ള കേസുകള്‍ വന്നുതുടങ്ങിയതോടെയാണ് പൊലീസ് മോഷ്ടാവിനായി വല വിരിച്ച് കാത്തിരുന്നത്. ഖോരഖ്പുര്‍ പൊലീസ് പ്രത്യേക സംഘത്തെ ഇതിനായി നിയോഗിച്ചു. ചെറിയൊരു ഇടവേളയ്ക്കു ശേഷം നവംബര്‍ ഒന്‍പത്, പത്ത്, പതിമൂന്ന്, പതിനാല് ദിവസങ്ങളില്‍ അജയ് വീണ്ടും മേഷണത്തിനിറങ്ങി. ഇതിനിടെയാണ് ഇയാള്‍ പൊലീസ് പിടിയിലായത്. പ്രദേശത്തെ സിസിടിവികളും ദൃക്സാക്ഷികളുടെ മൊഴികളും നിര്‍ണായക ഘടകമായി.
ALSO READ; മണ്ണഞ്ചേരിയിലും കോമളപുരത്തും കവര്‍ച്ച നടത്തിയത് കുറുവസംഘം; സ്ഥിരീകരണം
ചോദ്യം ചെയ്യലില്‍ അഞ്ചു കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം അജയ് ഏറ്റെടുത്തു. തെളിവുകള്‍ പരിശോധിച്ചപ്പോള്‍ കുറ്റം ചെയ്തത് അജയ് തന്നെയാണെന്ന് സ്ഥിരീകരിക്കാനായി എന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ നാലുമാസത്തിനിടെ അഞ്ച് സമാന സംഭവങ്ങളാണ് ജാന്‍ഖയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൃത്യമായ അന്വേഷണത്തിലൂടെ പ്രതി മംഗല്‍പൂര്‍ സ്വദേശിയായ അജയ് നിഷാദ് എന്ന ഇരുപതുകാരനാണെന്ന് കണ്ടെത്തി. പ്രതി കുറ്റം സമ്മതിച്ചു. സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷികളുടെ മൊഴിയും ഇത് ശരിവയ്ക്കുന്നതായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു എന്ന് ഖോരഖ്പൂര്‍ എസ്എസ്പി ഗൗരവ് ഗ്രോവര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.