മക്കളെ അതിക്രൂരമായി ചുട്ടുകൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവും 35 വര്‍ഷം അധിക തടവും വിധിച്ച് യു.എസ് കോടതി. തടവ് ശിക്ഷ അനുഭവിക്കുന്ന കാലയളവില്‍ ഇവര്‍ക്ക് പരോള്‍ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. മൂന്നു മക്കളുടെ അമ്മയായ ലാമോറ വില്യംസ് എന്ന ഇരുപത്തിനാലുകാരിയാണ് മക്കളെ കൊല ചെയ്ത കുറ്റത്തിന് അഴിക്കുള്ളിലായത്.
ഒന്നും രണ്ടും വയസ്സ് മാത്രം പ്രായമുള്ള രണ്ട് ആണ്‍കുട്ടികളെയാണ് മോറ കൊലപ്പെടുത്തിയത്. 2017 ഒക്ടോബറിലായിരുന്നു സംഭവം. കൊലയ്ക്ക് ശേഷം ഇവര്‍ ഭര്‍ത്താവിനെയും പൊലീസിലും വിളിച്ച് വിവരം അറിയിച്ചു. മക്കളെ ആയയെ ഏല്‍പ്പിച്ച് ജോലിക്കു പോയിരിക്കുകയായിരുന്നുവെന്നും തിരിച്ചുവന്നപ്പോള്‍ മക്കള്‍ മരിച്ചുകിടക്കുന്ന കാഴ്ചയാണ് കണ്ടതെന്നുമാണ് മോറ പൊലീസില്‍ അറിയിച്ചത്. ഭര്‍ത്താവിനെ വിഡിയോ കോള്‍ ചെയ്ത് രംഗം കാണിച്ചുകൊടുക്കുകയും ചെയ്തു.
എന്നാല്‍ സംഭവസ്ഥലത്തെത്തിയ പൊലീസ് ഇത് കൊലപാതകമാണെന്ന് കണ്ടെത്തി. ഒരു വയസ്സുകാരന്‍ ജാ കാര്‍ട്ടറും രണ്ട് വയസ്സുള്ള കെ യുന്റെയുമാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. 'മക്കള്‍ രണ്ടുപേരും നിലത്ത് കിടക്കുന്നതാണ് ഞാന്‍ ജോലി കഴിഞ്ഞെത്തിയപ്പോള്‍ കണ്ടത്. വീട്ടിലെ മൈക്രോവേവ് അവന്‍ രണ്ടു വയസ്സുകാരന്‍റെ തലയില്‍ കിടക്കുകയായിരുന്നു. ഒരു വയസ്സുകാരന്‍റെ തലച്ചോറ് പുറത്തുവന്ന നിലയിലും. എനിക്ക് എന്തുചെയ്യണമെന്നറിയില്ല. എന്‍റെ ഭാഗത്തുനിന്ന് യാതൊരു തെറ്റും സംഭവിച്ചിട്ടില്ല, ദയവുചെയ്ത് എന്നെ സഹായിക്കണം' എന്നായിരുന്നു മോറ പൊലീസിനെ വിളിച്ചുപറഞ്ഞത്.
മോറ വിളിച്ചറിയിച്ചതനുസരിച്ച് ഭര്‍ത്താവും പൊലീസില്‍ വിവരം അറിയിച്ചു. ഭാര്യ വീഡിയോ കോള്‍ ചെയ്ത് മക്കള്‍ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചുകിടക്കുന്നതായി കാണിച്ചുവെന്നാണ് ഭര്‍ത്താവ് പൊലീസിനെ അറിയിച്ചത്. തൊട്ടുപിന്നാലെ പൊലീസ് സ്ഥലത്തെത്തി. രണ്ടു കുഞ്ഞുങ്ങളും വെന്തുമരിച്ചതാണെന്ന് കണ്ടെത്തി.
എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇതൊരു കൊലപാതകമാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായി. കുഞ്ഞുങ്ങളുടെ തല മൈക്രോവേവ് അവനില്‍ വച്ച് ചുട്ടുപൊള്ളിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. കടുത്ത ചൂടേറ്റ് കുഞ്ഞുങ്ങളുടെ തലയ്ക്ക് മാരകമായി പരുക്കേറ്റു. കുറേയധികം നേരം പൊള്ളിച്ചാല്‍ മാത്രമാണ് ഇത്രയും മാരകമായി പരുക്കേല്‍ക്കുക എന്ന വിവരം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
2017 ഒക്ടോബര്‍ 12 രാത്രി മുതല്‍ പിറ്റേദിവസം പകല്‍ 11 മണി വരെയുള്ള സമയത്തിനിടയ്ക്കാണ് കുഞ്ഞുങ്ങളെ മൈക്രോവേവ് അവനിലിട്ട് ചുട്ടുകൊന്നതെന്ന് പൊലീസ് കണ്ടെത്തി. പിന്നാലെ അറ്റ്‌ലാന്റ പൊലീസ് മോറയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന്‍റെ സമയത്തോ കേസില്‍ വാദം നടക്കുമ്പോഴോ ഒന്നും പ്രതി കുറ്റബോധം പ്രകടിപ്പിച്ചില്ല എന്നതും ശ്രദ്ധേയം. അതിനിടെ മകള്‍ക്ക് മാനസികപ്രശ്‌നമുണ്ടെന്ന വാദവുമായി മോറയുടെ അമ്മ രംഗത്തെത്തിയെങ്കിലും ഇത് മനപൂര്‍വമുള്ള കൊലപാതകമാണെന്ന് കണ്ടെത്തിയതോടെ കോടതി ശിക്ഷാവിധിയില്‍ ഉറച്ചുനിന്നു.