ആളുകള്‍ ഉറങ്ങും വരെ കാക്കേണ്ട, പൂട്ടുപൊളിക്കേണ്ട, കെട്ടിടത്തിനുള്ളിലും കടക്കേണ്ട. റിസ്കില്ലാത്ത മോഷണം . പക്ഷേ ചെമ്പുമോഷ്ടാക്കള്‍ ആദ്യം സിസിടിവി കാമറകളില്‍ കുടുങ്ങി. പിന്നാലെ പൊലീസ് വലയിലും. കൊച്ചി കടവന്ത്രയിലെ വ്യാപാര സ്ഥാപനങ്ങളിലെ എസിയുടെ ചെമ്പ് പൈപ്പുകളോടായിരുന്നു മോഷ്ടക്കള്‍ക്ക് താല്‍പര്യം . തിങ്കളാഴ്ച പുലര്‍ച്ചെ കടവന്ത്ര ജംക്ഷനിലുള്ള നവ്കര്‍ പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന കടകളിലായിരുന്നു മോഷണം. പുലര്‍ച്ചെ ഒരു മണിയോടെ സ്ഥലത്ത് നിരീക്ഷണം നടത്തിയ മോഷ്ടാക്കള്‍ മൂന്ന് മണിയോടെ വീണ്ടുമെത്തി. ഒരാള്‍ കെട്ടിടത്തിന്‍റെ വശത്തേക്കും മറ്റ് രണ്ടുപേര്‍ റൂഫ് ടോപ്പിലേക്കും.
രണ്ടരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ എട്ട് എസികളുടെ മൂന്ന് മീറ്റര്‍ വീതം നീളമുള്ള ചെമ്പ് പൈപ്പുകള്‍ മോഷ്ടാക്കള്‍ മുറിച്ചെടുത്ത് കടന്നു. എസികളുടെ ഔട്ട്ഡോര്‍ യൂണിറ്റില്‍ ഘടിപ്പിച്ചിട്ടുള്ള പൈപ്പുകളാണ് വിദഗ്ദമായി മുറിച്ചെടുത്തത്. മുഖം മറയ്ക്കാതെ എത്തിയ മോഷ്ടാക്കള്‍ യുവാക്കളാണ്.
സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച കടവന്ത്ര പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജില്ലയുടെ പലഭാഗങ്ങളിലും സമാനമായ മോഷണം മാസങ്ങളായി നടക്കുന്നുണ്ട്. ലഹരിമരുന്നിനും മദ്യത്തിനും പണംകണ്ടെത്താന്‍ യുവാക്കളും ഇതരസംസ്ഥാനക്കാരുമാണ് ഇത്തരം മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ നിഗമനം. മോഷണത്തിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു