വൈദ്യുത ബില്ലടക്കാൻ ഫോൺ ചെയ്തറിയിച്ചതിന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ ഉപഭോക്താവ് ഓഫീസിലെത്തി മർദ്ദിച്ചു. മലപ്പുറം വണ്ടൂർ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെ ലൈൻമാൻ സുനിൽ ബാബുവിനാണ് മർദനമേറ്റത്. അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയില്‍ വണ്ടൂർ സ്വദേശി സക്കറിയ സാദിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. വൈദ്യുത ബില്ലടക്കാത്തവരുടെ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥർ ഫോൺ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിഖിനെയും വിളിച്ചത്. വൈദ്യുത ബില്ലടയ്ക്കണമെന്നും ഇല്ലാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കും എന്നും മുന്നറിയിപ്പ് നൽകി. ഇതിലാണ് സക്കറിയ പ്രകോപിതനായത്. 

ഫോൺ എത്തിയതിന് പിന്നാലെ തെങ്ങുകയറ്റ തൊഴിലാളിയായ സക്കറിയ വെട്ടുകത്തിയുമായി കെ.എസ്.ഇ.ബി ഓഫീസിലേക്ക്. ഫോൺ ചെയ്തു കൊണ്ട് നിന്ന സുനിൽ ബാബുവിന്റെ പിറകിൽ നിന്നും പിടിച്ചു തള്ളുകയും കത്തികൊണ്ട് വെട്ടാൻ ശ്രമിക്കുകയും ചെയ്തെന്നാണ് കണ്ടു നിന്നവർ പറയുന്നത്.

തടയാൻ ചെന്ന മറ്റുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഉദ്യോഗസ്ഥരുമായി ഉണ്ടായ വാക്കേറ്റം സംഘർഷത്തിലേക്ക് മാറി. സുനിൽ ബാബുവിന്റെ കഴുത്തിനും പുറത്തും മർദ്ദനമേറ്റു. ഇയാളെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

ENGLISH SUMMARY:

KSEB employee beaten up for asking to pay electricity bill at Malappuram Vandoor