nursing-student-death-class

നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ പത്തനംതിട്ട ചുട്ടിപ്പാറ സർക്കാർ നഴ്സിംഗ് കോളജിലെ മൂന്ന് വിദ്യാർഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മുവിൻറെ സഹപാഠികളായിരുന്ന മൂന്നു പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ അമ്മുവിന്റെ കുടുംബം മാനസിക പീഡനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മൂന്നുപേർക്കെതിരെയും ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് ആലോചിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷമായിരിക്കും തുടർനടപടികൾ. 

 

അമ്മുവിന്റെ മരണത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരെ ഗുരുത ആരോപണങ്ങളുന്നയിക്കുകയാണ് അമ്മ രാധാമണി. ശരീരത്തിന്‍റെ മൂന്നിടങ്ങളില്‍ പൊട്ടല്‍ കൊണ്ടു വന്നിട്ടും പത്തനംതിട്ടയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവന്നത് ഓക്സിജന്‍ മാസ്ക് പോലും വയ്ക്കാതെയെന്ന് നഴ്സായ അമ്മ.

മരണത്തിൽ ദുരൂഹതയാവർത്തിച്ച് സഹോദരൻ അഖിൽ സജീവ്. അമ്മു ആത്മഹത്യ ചെയ്യില്ല. പരിക്കു പറ്റിയ അമ്മുവിനെ തിരുവനന്തപുരത്ത് കൊണ്ടുവരാൻ കുടുംബം ആവശ്യപ്പെട്ടിട്ടില്ല. കോളേജിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച മറയ്ക്കാനുള്ള ശ്രമമാണ് നടന്നത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന അമ്മുവിനെ സഹപാഠികളോ ഹോസ്റ്റൽ അധികൃതരോ  ബോധപൂർവ്വം തിരുവനന്തപുരത്തേക്ക് അയയ്ക്കുകയായിരുന്നെന്നും അഖിൽ സജീവ് പറഞ്ഞു. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തി വിശദമായ മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഖിൽ സജീവ്.

ENGLISH SUMMARY:

Nursing student's death: Classmates taken into custody