valpara-theft

TOPICS COVERED

എ.ടി.എം കാര്‍ഡിലെ പിന്‍ നമ്പര്‍ മനസിലാക്കി തട്ടിപ്പ് നടത്തുന്നത് പതിവാക്കിയ മലയാളി യുവാവ് വാല്‍പ്പാറയില്‍ അറസ്റ്റില്‍. ആലപ്പുഴ സ്വദേശി നജീബിനെയാണ് 44 എടിഎം കാര്‍ഡും, അയ്യായിരത്തിലേറെ രൂപയുമായി വാല്‍പ്പാറ പൊലീസ് പിടികൂടിയത്. നജീബ് കേരളത്തിലും നിരവധി കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

വാല്‍പ്പാറ നല്ലമുടി എസ്റ്റേറ്റിലെ മുരുകമ്മാളിനെ കബളിപ്പിച്ചാണ് നജീബ് പണം തട്ടിയത്. എടിഎമ്മില്‍ പണം പിന്‍വലിക്കാനെത്തിയ മുരുകമ്മാളിന്റെ കാര്‍ഡ് തന്ത്രപരമായി കൈക്കലാക്കി പിന്‍ നമ്പര്‍ മനസിലാക്കുകയായിരുന്നു. മുരുകമ്മാള്‍ എടിഎം വിട്ടശേഷം അക്കൗണ്ടില്‍ നിന്നും ഒന്‍പതിനായിരം രൂപ നജീബ് പിന്‍വലിച്ചു.  വീട്ടമ്മ നല്‍കിയ പരാതിയിലാണ് നജീബ് പിടിയിലായത്. വാല്‍പ്പാറ പൊലീസ് അന്വേഷിക്കുന്നതിനിടെ നടുമല റോഡിലുള്ള എടിഎമ്മിന് സമീപം ഇയാളെ സംശയാസ്പദമായ സാഹചര്യത്തില്‍ പൊലീസ് കണ്ടു. പിന്നാലെ പിടികൂടി ചോദ്യം ചെയ്ത സമയത്താണ് തട്ടിപ്പ് സമ്മതിച്ചത്. 

നജീബിന്റെ കയ്യില്‍ നിന്നും 44 എടിഎം കാര്‍ഡുകളും അയ്യായിരത്തിലേറെ രൂപയും പൊലീസ് കണ്ടെടുത്തു. ഇയാള്‍ കേരളത്തിലും സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലില്‍ തെളിഞ്ഞത്. വിശദമായ അന്വേഷണം തുടങ്ങിയതായി വാല്‍പ്പാറ പൊലീസ് അറിയിച്ചു.