ഇടുക്കി അണക്കരയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതി രണ്ടുമാസത്തിന് ശേഷം പിടിയിൽ. രാജാക്കണ്ടം സ്വദേശി കൂടാരക്കുന്നേൽ സുധീഷാണ് പിടിയിലായത്. വീണ്ടും മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെയാണ് കട്ടപ്പന പൊലീസ് പ്രതിയെ പിടികൂടിയത്.
വീട്ടിൽ വെള്ളം ചോദിച്ചെത്തിയ ശേഷമാണ് അണക്കര ഐ എം എസ് കോളനി സ്വദേശി ലില്ലിയുടെ സ്വർണ്ണമാല പൊട്ടിച്ച് സുധീഷ് കടന്നു കളഞ്ഞത്. മോഷ്ടിച്ച രണ്ട് പവൻ തൂക്കമുള്ള സ്വർണ്ണമാല സെപ്റ്റംബർ 10 ന് പുറ്റടിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ചു. കഴിഞ്ഞദിവസം സമാനമായ രീതിയിൽ കട്ടപ്പനയിലും സുധീഷ് മോഷണം നടത്തി. ഈ കേസിൽ പിടിയിലായതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അണക്കരയിൽ മാല പൊട്ടിച്ച കാര്യം പ്രതി സമ്മതിച്ചത്. തെളിവെടുപ്പിനെത്തിച്ച പ്രതിയെ വീട്ടമ്മ തിരിച്ചറിഞ്ഞു. പണയം വെച്ച മാല പിന്നീട് എടുക്കുകയും വിൽക്കുകയും ചെയ്തെന്നാണ് സുധീഷിന്റെ മൊഴി. കട്ടപ്പനയിലെ മാല മോഷണ കേസിൽ കേസിൽ റിമാൻഡിലായിരുന്ന പ്രതിയെ രണ്ടുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയാണ് കട്ടപ്പന പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. കൂടുതൽ മാല പൊട്ടിക്കൽ കേസുകളിൽ സുധീഷിന് പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.