തമിഴ്നാട്ടിലെ തിരുനൽവേലിയിൽ കവർച്ച നടത്തി കേരളത്തിലേയ്ക്ക് കടന്ന പ്രതി ആലപ്പുഴ കുത്തിയതോട് പൊലിസിൻ്റെ പിടിയിൽ. കൊല്ലം എഴുകോൺ സ്വദേശി അഭിരാജ് ആണ് അറസ്റ്റിലായത്. ദേശീയ പാതയിൽ ചമ്മനാട് ഭാഗത്ത് വച്ചാണ് ഇയാൾ പിടിയിലായത്. കേരളത്തിൽ വിവിധ ജില്ലകളിലായി പതിനൊന്ന് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കവർച്ച കേസുണ്ട്.
ഈ മാസം ആദ്യം തിരുന്നൽവേലിയിൽ ആന്റണി തങ്കദുരൈ എന്നയാളുടെ വീട്ടിൽ നിന്ന് 18 ലക്ഷം രൂപായുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച ശേഷം ഒളിവിൽ കഴിയുകയായിരുന്നു പ്രതി. കുത്തിയതോട് പൊലിസിൻ്റെ നൈറ്റ് പട്രോളിങ് സംഘമാണ് സംശയകരമായ സാഹചര്യത്തിൽ കണ്ട ഇയാളെ പിടി കൂടിയത്. പകൽ നേരത്താണ് ഇയാൾ വീടുകളിൽ മോഷണം നടത്തുന്നത്. പ്രതിയെ തിരുനൽവേലി പൊലിസിന് കൈമാറി.