TOPICS COVERED

തഞ്ചാവൂര്‍ കുംഭകോണത്ത് എണ്‍പത്തിരണ്ടുകാരനെ ചവിട്ടിക്കൊന്നതില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കുംഭകോണം സ്വദേശിയായ മുരുകയ്യനാണ് മരിച്ചത്. കോഴിയുടെ ഉടമസ്ഥതയെ ചൊല്ലിയുള്ള തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ശനിയാഴ്ച വൈകിട്ടാണ് കോഴിയെ ചൊല്ലി തല്ലുണ്ടാകുന്നത്. അയല്‍വീട്ടിലെ കോഴി മുരുകയ്യന്റെ വീട്ടിലെത്തി. സന്ധ്യയായതോടെ തന്റെ കോഴിയാണ് ഇതെന്ന് കരുതി മുരുകയ്യന്‍ ഇതിനെ കൂട്ടിലടച്ചു. ഇതോടെ കോഴിയെ തിരക്കി അല്‍വാസികളായ വീരമണി, ഭാര്യ സെല്‍വറാണി, മകന്‍ ബാബുരാജ് എന്നിവര്‍ എത്തി. കോഴിയെ വിട്ടുതരണമെന്ന് ഇവര്‍  ആവശ്യപ്പെട്ടു. മുരുകയ്യന്റെ വീട്ടിലും കോഴികളെ വളര്‍ത്തുന്നുണ്ട്.  അതിനാല്‍ ഏതാണ് ഇവരുടെ കോഴിയെന്ന് തനിക്ക് അറിയില്ലെന്നും മകന്‍ വന്നശേഷം വിട്ടുതരാമെന്നും മുരുകയ്യന്‍ പറഞ്ഞു. എന്നാല്‍ ഇത് അയല്‍വാസികള്‍ സമ്മതിച്ചില്ല. വാക്കുതര്‍ക്കം പിന്നീട് അടിപിടിയായി. ഇതിനിടെ മുരുകയ്യന് നെഞ്ചില്‍ ചവിട്ടേറ്റു. 

ബോധം കെട്ട് വീണ ഇദ്ദേഹത്തെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് വിദഗ്ധ ചികില്‍സയ്ക്കായി  ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഇതിനിടെ മരണം സംഭവിക്കുകയായിരുന്നു.