തമിഴ്നാട് തിരുവള്ളൂരിലെ റെയില്‍വേ സ്റ്റേഷനില്‍, മദ്യലഹരിയില്‍ യുവാക്കളുടെ അഴിഞ്ഞാട്ടം. സ്റ്റേഷനില്‍ കാത്തിരുന്ന യാത്രക്കാരെ ക്രൂരമായി തല്ലിച്ചതച്ചു. മര്‍ദനത്തില്‍ വൈദ്യുതി വകുപ്പ് ജീവനക്കാരന് ഗുരുതര പരുക്കേറ്റു.
ഹിന്ദു കോളജ് റെയില്‍വേ സ്റ്റേഷനിലായിരുന്നു ഒരു കൂട്ടം യുവാക്കളുടെ പരാക്രമം. കണ്ണില്‍ക്കണ്ടവരെയെല്ലാം പൈപ്പും ട്യൂബ് ലൈറ്റും ഇരുമ്പുകമ്പിയുമെല്ലാം ഉപയോഗിച്ച് മര്‍ദിച്ചു. മര്‍ദനത്തില്‍ വൈദ്യുതി വകുപ്പ് ജീവനക്കാരനായ പരമശിവത്തിന് ഗുരുതരമായി പരുക്കേറ്റു.
തലയ്ക്കടക്കം പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എതിര് പ്ലാറ്റ്ഫോമിലിരുന്ന യാത്രക്കാരാണ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ 14 വയസുകാരനടക്കം മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്. ആകെ അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നത് എന്നാണ് വിവരം.
സംഘത്തിലെ മറ്റുളളവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. വിദ്യാര്‍ഥികള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രശ്നമുണ്ടാക്കുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. അടുത്തിടെ റൂട്ട് തല തര്‍ക്കത്തെ തുടര്‍ന്ന് ഒരു വിദ്യാര്‍ഥിക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു.