വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന ഒന്നേകാൽ ലക്ഷ രൂപ വിലവരുന്ന വിവാഹപ്പന്തല്‍ സാധനങ്ങള്‍ മോഷ്ടിച്ച കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍. വാടാനാംകുറുശി സ്വദേശികളായ ദീപു, സുമേഷ് എന്നിവരാണ് ഷൊർണൂർ പൊലീസിന്റെ പിടിയിലായത്.
ഓങ്ങല്ലൂർ കൊണ്ടൂർക്കര സ്വദേശി ഇർഷാദിന്റെ വാടകവീട്ടിൽ നിന്നാണ് എയർകൂളർ ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയത്. എയർ കൂളറുകൾ, ഡെക്കറേഷൻ സ്റ്റാൻഡുകൾ, ലാഡറുകൾ ഉൾപ്പെടുന്ന 1,28,000 രൂപ വിലപിടിപ്പുള്ള സാമഗ്രികളാണ് മോഷ്ടാക്കൾ കവർന്നത്. അടച്ചിട്ടിരുന്ന വാടകവീടിന്റെ അകത്തും പുറത്തുമായാണ് സാമഗ്രികൾ സൂക്ഷിച്ചിരുന്നത്.
ഈ മാസം 21നും 25നും ഇടയിലായിരുന്നു കവര്‍ച്ച. 26ന് ഉടമയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പിന്നാലെ ഷൊർണൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും, ആക്രിക്കടകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. ഇൻസ്പെക്ടര്‍ രവികുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.