മലപ്പുറം വണ്ടൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സിനിമാതാരം കൂടിയായ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. വണ്ടൂര്‍ സ്വദേശി മുക്കണ്ണന് നാസര്‍ എന്ന നാസര്‍ കറുത്തേനിയെയാണ് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി. രമേഷ്കുമാര്‍ സസ്പെന്‍ഡ് ചെയ്തത്.
വണ്ടൂര്‍ ഗവ; ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ എല്‍.പി. വിഭാഗം അധ്യാപകനാണ് നാസര്‍ കറുത്തേനി. വണ്ടൂരിലെ തന്റെ സ്വകാര്യ ഓഫീസില്‍ വച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. കേസില്‍ കഴിഞ്ഞ 21ന് വണ്ടൂര്‍ പൊലീസ് നാസര്‍ കറുത്തേനിയെ അറസ്റ്റു ചെയ്തിരുന്നു. നിലവില്‍ മഞ്ചേരി സബ്ജയിലില്‍ റിമാന്റിലാണ് പ്രതി.
ആടുജീവിതം, സുഡാനി ഫ്രം നൈജീരിയ, കുരുതി, ഹലാല്‍ ലവ് സ്റ്റോറി തുടങ്ങിയ സിനിമകളിലും ഒട്ടേറെ സീരിയലുകളിലും ഹോം സിനിമകളിലും അഭിനയിച്ചു പ്രശസ്തനാണ് നാസര്‍ കറുത്തേനി. അടുത്ത മെയ് മാസത്തിൽ വിരമിക്കാനിരിക്കയാണ് പ്രതി കേസിൽപ്പെടുന്നത്. പോക്സോ കേസെടുത്തതോടെയാണ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.