പ്രായ പൂര്‍ത്തിയാകാത്ത മകളുടെ വിവാഹാലോചന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അച്ഛനെ ബന്ധുവായ യുവാവ് തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തി. ഞാവേലിക്കോണം സ്വദേശി ബിജുവാണ് മകന്റെ പിറന്നാള്‍ ദിനത്തില്‍ മരിച്ചത്. പ്രതി ബന്ധുകൂടിയായ കൊല്ലം ചിതറ സ്വദേശി രാജീവ് പിടിയിലായി.
പതിനാറ് വയസുമാത്രമാണ് കൊല്ലപ്പെട്ട ബിജുവിന്റെ മകളുടെ പ്രായം. 31 കാരനായ പ്രതി ഈ പെണ്‍കുട്ടിയെ വിവാഹമാലോചിച്ചെന്നും ബിജു നിരസിച്ചെന്നും ഇത് പകയ്ക്ക് കാരണമായെന്നുമാണ് രാജീവിന്റെ മൊഴി. കഴിഞ്ഞ 17 ന് ബിജുവിന്റെ മകന്റെ പിറന്നാളായിരുന്നു. രാത്രി എട്ടേമുക്കാലോടെ ബിജുവിന്റെ വീടിന് സമീപമാണ് സംഭവം. ഇപ്പോള്‍ ചിതറയില്‍ താമസിക്കുന്ന രാജീവ് മുമ്പ് ബിജുവിന്റെ അയല്‍വാസിയായിരുന്നു. ഇവിടെ താമസിക്കുന്ന ബന്ധുക്കളെ കാണാനെത്തിയതായിരുന്നു ഇയാള്‍. ബിജുവിന്റെ സുഹൃത്തായ സന്തോഷാണ് ബിജുവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയത്. വിവാഹക്കാര്യവും വസ്തുവുമായ ബന്ധപ്പെട്ട കാര്യങ്ങളും പറഞ്ഞ് ബിജുവും രാജീവും തമ്മില്‍ തര്‍ക്കമായി. വാക്കേറ്റത്തിനിടെ സമീപത്ത് കിടന്ന കരിങ്കല്ലുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
തലയക്ക് ക്ഷതമേറ്റ ബിജു അന്നുമുതല്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഇന്നു പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചു. സംഭവ ദിവസം തന്നെ അറസ്റ്റിലായ രാജീവ് റിമാന്‍ഡിലാണ്.