കണ്ണൂര്‍ വളപട്ടണത്തെ വ്യാപാരിയുടെ വീട്ടില്‍ നിന്ന് 300 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും കവര്‍ന്നത് അയല്‍വാസി. കേസില്‍ വീട്ടുമ അഷ്റഫിന്റെ അയല്‍വാസി ലിജീഷ് അറസ്റ്റിലായി. കഴിഞ്ഞമാസം 20നായിരുന്നു മോഷണം. മോഷണം നടത്തിയത് അടുത്തറിയാവുന്ന ആളാണെന്ന് പൊലീസ് സംശയിച്ചിരുന്നു. ഫോണ്‍ രേഖകളാണ് പ്രതിയെ കുടുക്കിയത്. മോഷണം നടന്ന ദിവസം പ്രതിയുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് കണ്ടെത്തി. വെല്‍ഡിങ് ജോലി ചെയ്യുന്ന ലിജീഷ് ലോക്കര്‍ തുറക്കാന്‍ വിദഗ്ധനെന്നും പൊലീസ് പറഞ്ഞു. സംശയം തോന്നാതിരിക്കാന്‍ പ്രതി നാട്ടില്‍ തന്നെ തുടരുകയായിരുന്നു.
വിവാഹത്തിൽ പങ്കെടുക്കാൻ മധുരയിൽ പോയ അഷ്റഫും കുടുംബവും നവംബര്‍ 24ന് രാത്രിയില്‍ മടങ്ങിയെത്തിയപ്പോളാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസിനെ അറിയിച്ചു. കണ്ണൂര്‍ എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. വീട്ടിലെ സിസിടിവിയില്‍ നിന്ന് വീടിനകത്ത് കടന്നത് ഒരാളാണെന്നും ഇയാള്‍ 20നും 21നും രാത്രിയില്‍ വീട്ടില്‍ കടന്നതായും തെളിഞ്ഞു. സിസിടിവിയില്‍ മുഖം വ്യക്തമല്ലായിരുന്നു.
അഷ്റഫിന്‍റെ നീക്കങ്ങള്‍ കൃത്യമായി അറിയുന്നയാളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് അന്വേഷണസംഘം ഉറപ്പിച്ചിരുന്നു. രണ്ട് താക്കോലിട്ട് പ്രത്യേക രീതിയില്‍ തുറക്കുന്ന ലോക്കറിനെ കുറിച്ച് അറിവില്ലാത്തയാള്‍ക്ക് അത് തുറക്കാനാവില്ലെന്നായിരുന്നു പൊലീസ് നിഗമനം. അഷ്റഫ് ഉടനെ മടങ്ങിവരില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് രണ്ടാമത്തെ ദിവസവും മോഷ്ടാവ് അകത്തുകടന്നത്. ഇതാണ് കുടുംബത്തെ അറിയാവുന്നയാളാണ് പ്രതിയെന്ന് ഉറപ്പിക്കാന്‍ കാരണം.