വൈക്കം ചെമ്പിൽ സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. തലയോലപറമ്പ് മുൻ ഏരിയ കമ്മിറ്റിക്കെതിരെ വിമർശനമുന്നയിച്ചതിന്‍റെ പേരിലാണ് ആക്രമണമുണ്ടായതെന്ന് ആരോപണമുണ്ട്. ചെമ്പ് ലോക്കൽ കമ്മറ്റിയംഗം അടക്കം അഞ്ച് പേർക്കെതിരെ പൊലീസ് കേസ്സെടുത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
വെള്ളൂർ സഹകരണ ബാങ്ക് തട്ടിപ്പ്, തലയോലപ്പറമ്പിലെ സ്വകാര്യ ബാങ്കിൽ നടന്ന തട്ടിപ്പ് എന്നീ കേസുകളിൽ തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റിയിലെ ചില അംഗങ്ങൾക്ക് പങ്കുണ്ടായിട്ടും നടപടി എടുക്കാത്തത് ചെമ്പ് ലോക്കൽ കമ്മറ്റി അംഗങ്ങൾ മുൻഏരിയ കമ്മറ്റിയിൽ ചോദ്യം ചെയ്തിരുന്നു. കുലശേഖരമംഗലത്തെ ചില പാർട്ടി പ്രവർത്തകരും ചെമ്പ് ലോക്കൽ കമ്മറ്റിയിലെ പ്രവർത്തകരുമായി തലയോലപറമ്പിൽ വച്ച് ഉണ്ടായ തർക്കം പിന്നീട് ടോളിൽ വച്ച് ഏറ്റുമുട്ടലായി മാറുകയായിരുന്നു. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം നൗഫൽ നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ ചെമ്പ് ലോക്കൽ കമ്മറ്റി അംഗം അമൽ രാജ് ഉൾപടെ അഞ്ച് പേർക്കെതിരെ കല്ല് കൊണ്ട് ഇടിച്ച് പരുക്കേൽപ്പിച്ചതടക്കം ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ്. എന്നാൽ പ്രദേശവാസിയായ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റി അംഗം നൗഫൽ അടി കണ്ട് തടസ്സം പിടിക്കുന്നതിനിടെ വീണ് പരുക്കേറ്റതായാണ് പ്രതികളുടെ ആരോപണം. വിഷയം ഏതായാലും പൊലീസ് കേസിനൊപ്പം പുതിയ തലയോലപ്പറമ്പ് ഏരിയാ കമ്മറ്റിയുടെ പരിഗണനയിലുമാണ്. ചെമ്പിലെ ലോക്കൽ കമ്മറ്റി അംഗത്തിനെതിരെ പാർട്ടി നടപടി ഉണ്ടായാൽ ചെമ്പിൽ പാർട്ടിയിൽ പൊട്ടിത്തെറി ഉണ്ടായേക്കുമെന്നാണ് സൂചന.