പട്ടാമ്പി മേഖലയിലെ ടിപ്പർ ലോറികളുടെ നിയമലംഘനത്തിന് പൂട്ടിട്ട് മോട്ടർ വാഹനവകുപ്പ്. പന്ത്രണ്ട് മണിക്കൂറിലെ പരിശോധനയിൽ 156 കേസുകളിലായി ആറ് ലക്ഷത്തിലധികം രൂപ പിഴ ചുമത്തി. മോട്ടർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കുളപ്പുള്ളി, ഓങ്ങല്ലൂർ, വല്ലപ്പുഴ, പട്ടാമ്പി, വാടാനാംകുറുശ്ശി എന്നിവിടങ്ങളിലായിരുന്നു പരിശോധന. 156 കേസുകളിലായി നിയമലംഘനവുമായി ബന്ധപ്പെട്ട് 6,24,500 രൂപ പിഴയീടാക്കി. അമിത ലോഡ് കയറ്റിയതിന് ഏഴ് കേസെടുത്തു. ഇതിൽ 1,71,750 രൂപ പിഴയൊടുക്കി. എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. മധുവിന്റെ നിർദേശപ്രകാരം മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന.
എം.വി.ഐ.മാരായ ജോഷി തോമസ്, രാജൻ, ഷിബു എന്നിവർ നേതൃത്വം നൽകി. സ്കൂൾ സമയങ്ങളിലെ ടിപ്പറുകളുടെ ഓട്ടം, അമിതഭാരം തുടങ്ങിയ നിയമലംഘനങ്ങളിലായിരുന്നു പരിശോധന. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.