ചിപ്സ് കയറ്റുമതി തട്ടിപ്പിന് പുറമേ ഏലയ്ക്ക വ്യാപാരത്തിന്റെ മറവില്‍ കൊടുങ്ങല്ലൂര്‍ സ്വദേശി നസീമുദിന്‍ ഇടുക്കിയില്‍ നിന്നും തട്ടിയത് 10 കോടി രൂപ. 20 ടണ്‍ ഏലക്കയാണ് ഉയര്‍ന്ന വില വാഗ്ദാനം ചെയ്ത് കടത്തിയത്. നസീമുദിന്റെ കുടുംബവും തട്ടിപ്പിന് കൂട്ട് നിന്നെന്നാണ് പണം നഷ്ടപ്പെട്ടവര്‍ ആരോപിക്കുന്നത്. അതേസമയം സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്താന്‍ നസീമുദിന് സഹായമായത് കേസ് അന്വേഷണത്തിലെ പൊലീസിന്റെ ഗുരുതര വീഴ്ചയും.
ഏലക്ക വ്യാപാരിയായ മാങ്ങതൊട്ടി സ്വദേശി മമ്പറത്ത് ശശിക്ക് പറയാനുള്ളത് നാല് വര്‍ഷം മുന്‍പ് നസീമുദിന്‍ കാട്ടിയ കൊടും ചതിയെക്കുറിച്ചാണ്. ശശിയുടെ വിശ്വാസം നേടാന്‍ നസീമുദിന്‍ പണം നല്‍കി പല തവണ ഏലക്ക വാങ്ങി. പിന്നീട് ശശി വഴി പലരില്‍ നിന്നായി നാല് ടണ്ണിലേറെ ഏലക്ക സംഭരിക്കുകയും രാജക്കാട് നിന്ന് കടത്തുകയും ചെയ്തു. 50 ലക്ഷം രൂപ നഷ്ടം വന്നതോടെ കടം വീട്ടാന്‍ ശശിക്ക് തന്റെ കൃഷി ഭൂമി വില്‍ക്കേണ്ടി വന്നു. ഉടുമ്പന്‍ചോല പൊലീസില്‍ പരാതി നല്‍കിയിട്ടും ശശിക്കിതുവരെ നീതി കിട്ടിയിട്ടില്ല.
തീര്‍ന്നില്ല നസീമുദിന്റെ ചതിയുടെ ചരിത്രം. പാട്ടത്തിനെടുത്ത എസ്റ്റേറ്റില്‍ കൃഷി നടത്താനെന്ന പേരിലാണ് രാജക്കാട് ഹരിത ട്രേഡേഴ്സ് ഉടമ നിബിന്‍ പ്രസാദിനെ നസീമുദിന്‍ പരിചയപ്പെട്ടത്. ആദ്യം പണം നല്‍കി രാസവളം വാങ്ങി. പിന്നിട് പല തവണ കടം പറഞ്ഞായി കച്ചവടം. 10 ലക്ഷം രൂപ കുടിശിക വന്നതോടെ നസീമുദിന്‍ നല്‍കിയ ചെക്കുമായി ബാങ്കിലെത്തിയപ്പോഴാണ് നിബിന് ചതി മനസിലായത്. പലരില്‍ നിന്നായി രണ്ട് കോടിയിലേറെ രൂപയാണ് രാജക്കാട് നിന്ന് മാത്രം നസീമുദിന്‍ തട്ടിയത്.