അവാര്‍ഡ് ഷോയ്ക്കെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം 12 മണിക്കൂര്‍ തടവിലാക്കി രണ്ടുലക്ഷത്തിലേറെ രൂപ കവര്‍ന്നെന്ന് വെളിപ്പെടുത്തി 'സ്ത്രീ-2' നടന്‍ മുഷ്താഖ് ഖാന്‍. നവംബര്‍ 20നാണ് താന്‍ തട്ടിപ്പിനിരയായതെന്നും അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞു. പുരസ്കാരനിശയില്‍ പങ്കെടുക്കാനുള്ള തുകയും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പണവും താരത്തിന് മുന്‍കൂറായി നല്‍കി. ഡല്‍ഹിയില്‍ എത്തിയതിന് പിന്നാലെ ഒരു സംഘം ആളുകള്‍ കാറിലേക്ക് ബലമായി കയറ്റി വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് ഖാന്‍റെ ബിസിനസ് പങ്കാളി മാധ്യമങ്ങളോട് പറഞ്ഞു.
ബിജ്നോറിനടുത്തുള്ള സ്ഥലത്തേക്കാണ് നടനെ തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് ഒരു കോടി രൂപ മോചനദ്രവ്യമായി നല്‍കാതെ വിട്ടയയ്ക്കില്ലെന്ന് താരത്തെ അക്രമികള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മകന്‍റെ അക്കൗണ്ടില്‍ നിന്നും രണ്ട് ലക്ഷത്തോളം രൂപ അക്രമികള്‍ നല്‍കിയ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കേണ്ടി വന്നു. പണം വാങ്ങിയ ശേഷം കെട്ടിടത്തില്‍ നടനെ ഉപേക്ഷിച്ച് അക്രമികള്‍ കടന്നുകളഞ്ഞതായാണ് പൊലീസ് സംശയിക്കുന്നത്. നേരം പുലര്‍ന്നപ്പോള്‍ തൊട്ടടുത്തുള്ള മോസ്കില്‍ നിന്ന് ബാങ്ക് വിളി കേട്ടതോടെ താരം കെട്ടിടത്തില്‍ നിന്ന് ഇറങ്ങി അവിടേക്കെത്തി. തുടര്‍ന്ന് മോസ്കിലുണ്ടായിരുന്നവരുടെ സഹായത്തോടെ പൊലീസില്‍ വിവരമറിയിച്ചു . പൊലീസ് സഹായത്തോടെയാണ് ഒടുവില്‍ വീട്ടില്‍ മടങ്ങിയെത്തിയത്.
അപ്രതീക്ഷിതമായ സംഭവത്തില്‍ നടനും കുടുംബവും ഉലഞ്ഞുപോയെന്നും പൊലീസില്‍ പരാതിപ്പെട്ടെന്നും സുഹൃത്ത് പറയുന്നു. ബിജ്നോറിലെ പൊലീസ് സ്റ്റേഷനിലാണ് താരം പരാതി നല്‍കിയത്. ഫ്ലൈറ്റ് ടിക്കറ്റിന്‍റെ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ക്കും പുറമെ എയര്‍പോര്‍ട്ടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കൈമാറി. തട്ടിക്കൊണ്ട് പോയി താമസിപ്പിച്ച സ്ഥലം നടന് ഓര്‍മയുണ്ടെന്നും കുറ്റവാളികളെ പിടികൂടാന്‍ ഇത് പൊലീസിനെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് കൊമേഡിയനായ സുനില്‍ പാലിനെയും അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയത്. ഹരിദ്വാറില്‍ നടക്കുന്ന അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനുള്ള ഫ്ലൈറ്റ് ടിക്കറ്റുകളടക്കം അയച്ചു നല്‍കി. സംഘാടകര്‍ പറഞ്ഞ തീയതിയില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ സുനലില്‍ എത്തി. കാത്തുനിന്ന അക്രമി സംഘം കാറില്‍ കയറ്റി വിജനമായ സ്ഥലത്തേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് 20 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ വിഷം കുത്തിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഏഴര ലക്ഷത്തോളം രൂപ താരം അക്രമികളുടെ ബാക്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. തിരികെ മുംബൈയിലേക്ക് മടങ്ങാനുള്ള ഫ്ലൈറ്റ് ടിക്കറ്റുമെടുത്ത് നല്‍കി. ജോലി കണ്ടെത്തിയ ശേഷം പണം തിരികെ നല്‍കാമെന്ന് തന്നോട് അക്രമികള്‍ പറഞ്ഞതായും സുനില്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. തിരികെ മുംബൈയിലെത്തിയ ശേഷമാണ് താരം പരാതി നല്‍കിയത്.
നടന്‍ രാജേഷ് പുരിയും കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ തട്ടിക്കൊണ്ട് പോയി പണം തട്ടാന്‍ ശ്രമിച്ചതായി പരാതി നല്‍കിയിരുന്നു. സമാന രീതിയിലായിരുന്നു തട്ടിപ്പിന് ശ്രമിച്ചതെന്നും എന്നാല്‍ അക്രമികളെ ഭീഷണിപ്പെടുത്തി താന്‍ രക്ഷപെടുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. താരങ്ങളെ കേന്ദ്രീകരിച്ച് പണം തട്ടുന്ന മാഫിയയാണ് ഈ സംഘങ്ങള്‍ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. അക്രമികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.