പൊലീസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേന ലോട്ടറി വില്‍പ്പനക്കാരിയെ കബളിപ്പിച്ച് യുവാവ് അയ്യായിരം രൂപ തട്ടിയെടുത്തു. കൊല്ലം അഞ്ചലിലാണ് പുനലൂർ മാത്ര സ്വദേശിനിയായ സുജാത തട്ടിപ്പിനിരയായത്.
ആയൂര്‍ ജവഹര്‍ സ്കൂള്‍ ജംക്ഷന് സമീപമാണ് ലോട്ടറി വില്‍പ്പനക്കാരിയായ സുജാത തട്ടിപ്പിനിരയായത്. അഞ്ചല്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് സ്കൂട്ടറില്‍ എത്തിയ യുവാവാണ് സുജാതയെ കബളിപ്പിച്ചത്. സമ്മാനാര്‍ഹമായ ഒരു ലോട്ടറി ടിക്കറ്റ് യുവാവ് സുജാതയ്ക്ക് നല്‍കി. സുജാത നമ്പര്‍ പരിശോധിച്ചപ്പോള്‍ അയ്യായിരം രൂപ സമ്മാനം ഉണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് രണ്ടായിരത്തിഅഞ്ഞൂറു രൂപ കൈപ്പറ്റിയ യുവാവ് ബാക്കി രണ്ടായിരത്തിഅഞ്ഞൂറു രൂപയുടെ ലോട്ടറി ടിക്കറ്റും വാങ്ങി.
പണവും ടിക്കറ്റും കൈക്കലാക്കിയശേഷം മറ്റൊരു ടിക്കറ്റ് നല്‍കിയശേഷം സമ്മാനാര്‍ഹമായ ടിക്കറ്റുമായി യുവാവ് കടന്നുകളയുകയായിരുന്നു. പൊലീസ് യൂണിഫോം പോലെയുളള പാന്റ്സാണ് ധരിച്ചിരുന്നതെന്ന് സുജാത പറയുന്നു
ഉടന്‍ തന്നെ പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്താനായി അഞ്ചല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്. ആയൂരിൽ ഇതിന് മുന്‍പും ഇത്തരത്തിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് വിവരം. പ്രതിയെ കണ്ടെത്താന്‍ അഞ്ചല്‍ പൊലീസും ചടയമംഗലം പൊലീസും അന്വേഷണം തുടങ്ങി.