TOPICS COVERED

അങ്കമാലി ചിപ്സ് കയറ്റുമതി തട്ടിപ്പിനു മുമ്പ് ഇടുക്കിയിൽ ഏലക്കാ വ്യാപാരിയിൽ നിന്ന് 15 ലക്ഷം തട്ടി കൊടുങ്ങല്ലൂർ സ്വദേശി നസീമുദിൻ. പണിക്കൻകുടി സ്വദേശി സന്തോഷ്‌ മാത്യുവാണ് തട്ടിപ്പിന് ഇരയായത്. പണം തിരികെ ചോദിച്ചപ്പോൾ നസീമുദിൻ വധഭീഷണി മുഴക്കിയെന്ന് സന്തോഷ്‌ മനോരമ ന്യൂസിനോട് പറഞ്ഞു

ചിപ്സ് കയറ്റു മതി തട്ടിപ്പിന് മുമ്പ് ഇടുക്കിയിൽ നിന്ന് പല വഴികളിൽ പല രീതിയിലാണ്  നസീമുദിൻ പണം തട്ടിയത്. മുംബൈയിലേക്ക് ഏലയ്ക്ക കയറ്റുമതി ചെയ്യാനെന്ന വ്യാജേന നസീമുദിന്‍റെ തട്ടിപ്പ് സംഘം 2021 ലാണ് ചെറുകിട ഏലക്ക വ്യാപാരി സന്തോഷ് മാത്യുവിനെ പരിചയപ്പെട്ടത്. രണ്ടുതവണ പണം നൽകി ഏലക്ക വാങ്ങിയതിന് ശേഷം കൂടുതൽ ഏലക്ക വേണമെന്നായി ആവശ്യം. തുടർന്നാണ് 800 കിലോ ഏലക്ക നസീമുദിൻ തട്ടിയത്.

വെള്ളത്തൂവൽ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നസീമുദിനെ കണ്ടെത്താനായില്ലന്നാണ് പൊലീസിന്റെ മുടന്തൻ ന്യായം. സ്വന്തം നിലയിൽ പണം തിരിച്ചു വാങ്ങാൻ ശ്രമിച്ചപ്പോൾ  കൊല്ലുമെന്ന് നസീമുദിന്‍റെ ഭീഷണി. ജില്ലയിലെ വിവിധ മേഖലകളിൽ നിന്ന് കോടികൾ തട്ടി  മുങ്ങിയ നസീമുദിൻ ഇപ്പോഴും കാണാമറയത്താണ്. കണ്ടെത്താൻ പൊലീസ് ചെറുവിരലെങ്കിലും അനക്കണമെന്നാണ് തട്ടിപ്പിനിരയായവരുടെ ആവശ്യം.

ENGLISH SUMMARY:

Nasimuddin, a native of Kodungallur, extorted 15 lakhs from a cardamom trader in Idukki before the Angamali chips export scam.