കൊല്ലം കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന കോട്ടയം മുട്ടുചിറ സ്വദേശിനി ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട കേസില്‍ വിചാരണനടപടികള്‍ അടുത്തമാസം തുടങ്ങാന്‍ സാധ്യത. പ്രതി സന്ദീപിന്‍റെ ജാമ്യാപേക്ഷ സുപ്രീകോടതി കഴിഞ്ഞദിവസം തളളിയിരുന്നു. സാക്ഷി വിസ്താരത്തിന് തയ്യാറാണെന്ന് പ്രോസിക്യൂഷൻ കൊല്ലം കോടതിയെ അറിയിച്ചു.
കഴിഞ്ഞ വർഷം മേയ് പത്തിന് പുലർച്ചയാണ് കുടവട്ടൂർ സ്വദേശി സന്ദീപ് ഡോക്ടർ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയത്. പല കാരങ്ങളാല്‍ കേസില്‍ വിചാരണ തുടങ്ങിയിട്ടില്ല. നേരത്തെ കോടതിയിൽ കേസ് വിചാരണക്കായി തീയതി നിശ്ചയിച്ച സമയത്താണ് പ്രതി സന്ദീപ് ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. തുടർന്ന് സുപ്രീം കോടതിയുടെ നിർദേശാനുസരണം നടന്ന പ്രതിയുടെ മാനസിക നില പരിശോധനയിൽ പ്രതിക്ക് വിചാരണ നേരിടാൻ മാനസികമായി ബുദ്ധിമുട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. കേസില്‍ പ്രതിയുടെ ജാമ്യേപക്ഷയും സുപ്രീംകോടതി തളളി. ഇതിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ തുടങ്ങിയത്.
സാക്ഷി വിസ്താരത്തിനായി കേസ് ലിസ്റ്റ് ചെയ്യണമെന്ന് സ്പെഷ്ൽ പ്രോസിക്യൂട്ടർ വിചാരണ നടക്കാനിരിക്കുന്ന കൊല്ലം അഡീഷണൽ സെഷൻസ് കോടതി മുമ്പാകെ അപേക്ഷ നല്‌കി. കേസ് വിചാരണക്കായി ഷെഡ്യൂൾ ചെയ്യുന്നതിനായി കോടതി കേസ് ഡിസംബർ മുപ്പതിന് പരിഗണിക്കും. സന്ദീപിന്‍റെ മാനസിക നിലയിൽ സംശയമില്ലെന്ന് പ്രോസിക്യൂഷൻ നേരത്തെയും കോടതിയെ ബോധിപ്പിച്ചതാണ്. കേസിന്‍റെ ആദ്യ ഘട്ടത്തിൽ പ്രതിയുടെ മാനസിക നില പരിശോധിച്ച റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇപ്പോൾ നടന്ന പരിശോധനയിലും പ്രതി മാനസികമായി ആരോഗ്യവാനാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കോടതി നിശ്ചയിക്കുന്ന ഏത് തീയതിയിലും സാക്ഷി വിസ്താരം ആരംഭിക്കുവാൻ പ്രോസിക്യൂഷൻ തയ്യാറാണെന്ന് കോടതിയെ അറിയിച്ചത്.