nurse-and-husband-2

ഫോണ്‍‌, ബാങ്ക് അക്കൗണ്ട് ദുരുപയോഗവും ലഹരിമരുന്ന് പാര്‍സലും വെര്‍ച്വല്‍ അറസ്റ്റും പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന സംഘത്തിനെതിരെ മലയാളികള്‍ ജാഗ്രതയില്‍. ഇന്നലെ ചങ്ങനാശേരിയില്‍ ഡോക്ടറെ കുടുക്കിയ തട്ടിപ്പ് പൊളിച്ചത് പൊലീസും ബാങ്ക് അധികൃതരും ചേര്‍ന്നെങ്കില്‍ എറണാകുളം പൂക്കാട്ടുപടിയിലും ഒറ്റപ്പാലത്തും തട്ടിപ്പുകാരെ കുടുക്കിലാക്കിയത് അവര്‍ ഇരകളാക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ്. മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വിളിച്ചവര്‍ ഫോണ്‍ നമ്പര്‍ ദുരുപയോഗിച്ചെന്ന് പറഞ്ഞാണ് കളമശേരി മെഡിക്കല്‍ കോളജിനെ നഴ്സിനെ വിളിച്ചത്. കേരള പൊലീസുമായി സംസാരിച്ചോളാമെന്ന് നഴ്സിന്‍റെ ഭര്‍ത്താവ് പറഞ്ഞതോടെ തട്ടിപ്പ് സംഘം ഫോണ്‍ കട്ട് ചെയ്ത് മുങ്ങി.  

 

ഇന്നലെ രാവിലെയാണ് എറണാകുളം പൂക്കാട്ടുപടി സ്വദേശിയായ കളമശേരി മെഡി. കോളേജിലെ നേഴ്സ് ചിന്നുവിന് തട്ടിപ്പുകാരില്‍ നിന്നും ഫോണ്‍ വരുന്നത്. ടെലികോം അതോറിറ്റിയില്‍ നിന്നാണെന്നും, ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് എടുത്ത സിം കാര്‍ഡ് വഴി മുബൈയില്‍ 17 ഓളം കേസുകള്‍ റജിസ്റ്റര്‍ ചെയിതിട്ടുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. വ്യാജ സിം ആണെന്ന് ചിന്നു പറഞ്ഞതോടെ പരാതി നല്‍കാനെന്ന വ്യാജേനെ മുംബൈ അന്ഡേരി പൊലീസ് സ്റ്റേഷനിലേക്കെന്ന് പറഞ്ഞ് മറ്റൊരാളിലേക്ക് ഫോണ്‍ കണക്റ്റ് ചെയ്തു. 

ഇത്തരം തട്ടിപ്പുകള്‍ നടക്കാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഈ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെടുത്ത നമ്പറുകളെല്ലാം ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശിച്ചതായും പറഞ്ഞതോടെ പരിഭ്രാന്തിയിലായ നേഴ്സ് തട്ടിപ്പ് സംഘം ആവശ്യപ്പെട്ട വിവരങ്ങളെല്ലാം കൈമാറി. ഫോണ്‍ സംഭാഷണത്തിനിടെ വീട്ടിലേക്കെത്തിയ ഭര്‍ത്താവാണ് പിന്നീട് തട്ടിപ്പ് സംഘത്തിന്‍റെ കള്ളക്കളി പൊളിച്ചടുക്കിയത്. 

ENGLISH SUMMARY:

Nurse and husband trapped virtual scammers