കൊല്ലത്ത് എസ്.ഐയുടെ ഭാര്യയെ വനിതാ എസ്.ഐ മര്‍ദിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം. സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ചിലെ വനിതാ എസ്ഐക്കെതിരെ പരവൂർ പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ ഭര്‍ത്താവായഎസ്.ഐയ്ക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു. പരവൂര്‍ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. ഇവരുടെ ഭര്‍ത്താവ് വര്‍ക്കല സ്റ്റേഷനില്‍ എസ്.ഐ ആയ അഭിഷേക്, കൊല്ലത്ത് സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ചില്‍ എസ്.ഐ ആയ ആശ എന്നിവര്‍ക്കെതിരെയാണ് പരാതി. കുടുംബസമേതം താമസിച്ചിരുന്ന വീട്ടിലെത്തി എസ്.ഐ ആയ ആശ മര്‍ദിച്ചെന്നാണ് യുവതിയുടെ പരാതി. ആശ വീട്ടിൽ വരുന്നതിനെ എതിർത്തായിരുന്നു കാരണം.
സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃവീട്ടുകാരും മാനസികമായി പീഡിപ്പിച്ചെന്നും യുവതി പറയുന്നു. എസ്.ഐ അഭിഷേക്, വനിതാ എസ്.ഐ ആശ, അഭിഷേകിന്റെ സഹോദരന്‍ , അമ്മ എന്നിവര്‍ക്കെതിരെ പരവൂര്‍ പൊലീസ് കേസെടുത്തു. പൊലീസില്‍ ഏറെ നാള്‍ മുന്‍പ് പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയാറാകാതെ വൈകിപ്പിച്ചതായും ആക്ഷേപമുണ്ട്. അതേസമയം പരാതി അടിസ്ഥാനരഹിതമാണെന്ന് വനിതാ എസ്.ഐയുടെ വിശദീകരണം.