കൊലക്കേസ് പ്രതിയായ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയും ഒന്നരലക്ഷം രൂപ പിഴയും. കാസർകോട് പേരാൽ സ്വദേശി അബ്ദുൾസലാമിനെ കഴുത്തറുത്ത് കൊന്ന കേസിലാണ് വിധി. മണൽ കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണം.
ബദരിയ നഗറിലെ അബൂബക്കർ സിദ്ദിഖ്, ഉമ്മർ ഫാറൂഖ്, പെർവാഡിലെ സഹീർ, പേരാലിലെ നിയാസ്, പെർവാഡ് കോട്ടയിലെ ലത്തീഫ്, ആരിക്കാടി ബംബ്രാണിയിലെ ഹരീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. മറ്റ് രണ്ട് പ്രതികളായ അരുൺ കുമാർ, ഖലീൽ എന്നിവരെ വെറുതെ വിട്ടു.
2017 ഏപ്രിൽ 30-ന് വൈകിട്ടായിരുന്നു ക്രൂര കൊലപാതകം. നാട്ടുകാരാണ് കഴുത്തറുത്ത നിലയിൽ സലാമിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്നും 25 മീറ്ററോളം അകലെയാണ് അറുത്തുമാറ്റിയ തല കണ്ടെത്തിയത്. അബ്ദുൽ സലാമിനെ കഴുത്തറുത്ത് കൊന്ന ശേഷം പ്രതികൾ തല തട്ടിതെറിപ്പിച്ചു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൊലപാതകത്തിനിടെ സലാമിന്റെ സുഹൃത്തായ നൗഷാദിനും കുത്തേറ്റിരുന്നു. കുമ്പള കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയായിരുന്നു മരിച്ച സലാം.
അബൂബക്കർ സിദ്ദിഖിന്റെ നേതൃത്വത്തിൽ നടത്തുന്ന മണൽക്കടത്ത് പൊലീസിൽ ഒറ്റിക്കൊടുത്ത് പിടിപ്പിച്ചു എന്നതിന്റെ പേരിൽ സിദ്ധിക്കും സലാമും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി സലാമും സംഘവും സിദ്ദിഖിന്റെ വീട്ടിൽ കയറി അതിക്രമം നടത്തുകയും ചെയ്തു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് എത്തിയത്.
കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിദ്ദീഖ് നേരത്തെ ഒരു കൊലപാതക കേസിലും ഉമർ ഫാറൂഖ് രണ്ട് കൊലപാതക കേസിലും പ്രതികളാണ്.