TOPICS COVERED

തൃശൂര്‍ പാലയൂര്‍ സെന്‍റ് തോമസ് പള്ളിയില്‍ ക്രിസ്മസ് ആഘോഷം കലക്കിയ എസ്ഐയ്ക്കു ക്ലീന്‍ ചിറ്റ് നല്‍കി മേലുദ്യോഗസ്ഥര്‍. സിറ്റി പൊലീസ് കമ്മിഷണര്‍ പൊലീസ് തലപ്പത്തേയ്ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ എസ്ഐ ചെയ്തത് നിയമപരമായി ശരിയാണെന്നായിരുന്നു വിലയിരുത്തല്‍. അതേസമയം, എസ്ഐയെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പാലയൂര്‍ പള്ളി അധികൃതര്‍ മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും പരാതി നല്‍കി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

പാലയൂര്‍ സെന്‍റ് തോമസ് പള്ളിയില്‍ ക്രിസ്മസ് തലേന്ന് രാത്രി എട്ടു മണിയോടെ കാരള്‍ ഗാനം മൈക്കില്‍ പാടാനൊരുങ്ങുമ്പോഴായിരുന്നു ചാവക്കാട് എസ്ഐ വിജിത്തിന്‍റെ വരവ്. മുന്‍കൂര്‍ അനുമതി വാങ്ങതെ പള്ളിമുറ്റത്ത് മൈക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നായിരുന്നു എസ്ഐയുടെ താക്കീത്. കേസെടുക്കുമെന്നും മൈക്കും സാമഗ്രികളും പിടിച്ചെടുക്കുമെന്നും പറഞ്ഞതോടെ പള്ളി വികാരി കാരള്‍ ഗാനം ഉപേക്ഷിച്ചു. സിറോ മലബാര്‍ സഭ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ക്രിസ്മസ് തിരുകര്‍മങ്ങള്‍ക്കായി പള്ളിയില്‍ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു എസ്ഐയുടെ ഇടപെടല്‍. മൈക്കിന് അനുമതി വാങ്ങാന്‍ പള്ളി അധികൃതരോട് എസ്ഐ പറഞ്ഞതില്‍ എന്താണ് തെറ്റെന്നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാട്. 

അതേസമയം, സിപിഎം ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എസ്ഐയ്ക്കെതിരെ മാതൃകാപരമായ നടപടി വേണമെന്ന നിലപാടെടുത്തു. സിപിഎമ്മിന്‍റെ ചാവക്കാട് ഏരിയാ സെക്രട്ടറി പരസ്യമായി വാര്‍ത്താക്കുറിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. പള്ളി അധികൃതരോട് ക്ഷമ പറഞ്ഞ് തലയൂരാനായിരുന്നു പൊലീസിന്‍റെ ശ്രമം. വിവാദം തണുപ്പിക്കാന്‍ എസ്ഐയോട് അവധിയില്‍ പോകാന്‍ പറഞ്ഞു. മാത്രവുമല്ല, നേരത്തെ തീരുമാനിച്ച പ്രകാരം ശബരിമല ഡ്യൂട്ടിയ്ക്കായി എസ്ഐയെ വിടുകയും ചെയ്തു. 

ശബരിമല ഡ്യൂട്ടി കഴിഞ്ഞു തിരിച്ചെത്തിയാല്‍ ഉടന്‍ എരുമപ്പെട്ടിയില്‍ എസ്ഐ ആയി നിയമിക്കാനും ധാരണയായി. എസ്ഐയെ സസ്പെന്‍ഡ് ചെയ്യുംവരെ പ്രക്ഷോഭം തുടരാന്‍ കോണ്‍ഗ്രസും ബിജെപിയും തീരുമാനിച്ചിട്ടുണ്ട്. പൊതുജനങ്ങളോടുള്ള പെരുമാറ്റത്തില്‍ നേരത്തെതന്നെ പരാതികളുള്ള ഉദ്യോഗസ്ഥനെ ക്രമസമാധാന ചുമതലയില്‍ വീണ്ടും നിയോഗിക്കാനാണ് പൊലീസ് തലപ്പത്തെ തീരുമാനം.