ചോദ്യം ചെയ്യാനായി വിളിപ്പിച്ച യുവാവിനെ പൊലീസുകാരന്‍ മര്‍ദിച്ചു. യുവാവാകട്ടെ പൊലീസുകാരനെ സ്റ്റേഷനിലിട്ടു തല്ലിച്ചതച്ചു. മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുരയിലാണു കര്‍ണാടക പൊലീസിനാകെ നാണക്കേടായ സംഭവമുണ്ടായത്.
ഭൂമി തര്‍ക്കത്തിന്റെ പേരില്‍ പാടത്തു വച്ചു മര്‍ദ്ദിച്ചെന്ന ബന്ധുവിന്റെ പരാതിയിലായിരുന്നു സാഗറിനെ പാണ്ഡവപുര ടൗണ്‍ പൊലീസ് വിളിപ്പിച്ചത്. സാഗറും കുടുംബാംഗങ്ങളും സ്റ്റേഷനിലെത്തിയപ്പോള്‍ പരാതിക്കാനെ കണ്ടു. ഒന്നും രണ്ടും പറഞ്ഞു വഴക്കായതോടെ പൊലീസ് ഇടപെട്ടു. ഇടയ്ക്ക് പൊലീസുകാരനായ അഭിഷേക് സാഗറിനെ അടങ്ങിയിരിക്കാനാവശ്യപ്പെട്ട് അടിച്ചു. ഇതോടെ യുവാവ് തിരികെ പൊതിരെ തല്ലുന്ന കാഴ്ചയാണ് കണ്ടത്.
കൂടുതല്‍ പൊലീസുകാരെത്തിയാണു സാഗറിനെ പിടിച്ചു മാറ്റിയത്. പൊലീസുകാരനെ ആക്രമിച്ചതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനും സാഗറിനെതിരെ കേസെടുത്ത പൊലീസ് പിന്നീട് ബന്ധുക്കളുടെ ജാമ്യത്തില്‍ വിട്ടയച്ചു. അപ്പോഴേക്കും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്നു വിശദമായ അന്വേഷണത്തിന് എസ്.പി. നിര്‍ദേശം നല്‍കി.